
ചെന്നൈ: രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി കിലോയ്ക്ക് 100 രൂപയിലെത്തി. വിതരണം കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു.
രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
ഉഷ്ണ തരംഗത്തെ തുടർന്ന് തക്കാളി വില സെഞ്ച്വറി കടന്നിരിക്കുകയാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി ഇപ്പോൾ കിലോയ്ക്ക് 90-100 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുംബൈയിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയാണ് വില. നേരത്തെ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോൾ 80 രൂപയിലേക്ക് കുതിച്ചു.
അതേസമയം കേരളത്തിൽ, കാസർകോടിൽ തക്കാളി വില ഉടൻ 100 രൂപയിലെത്തുമെന്നാണ് പ്രവചനം. തെലങ്കാനയിലെ വിവിധ ജില്ലകളിൽ കനത്ത ചൂടും മഴയുടെ കുറവും കാരണം ഹൈദരാബാദിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയിലേക്ക് അടുക്കുന്നു. നിലവിൽ കിലോഗ്രാമിന് 80-90 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്.
ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി വിപണിയായ കോലാർ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ ജൂൺ 18ന് 9,129 ക്വിൻ്റലിനടുത്ത് തക്കാളിയാണ് ലഭിച്ചത്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,000 ക്വിൻ്റൽ കുറവാണ്.
കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറി വില കുതിച്ചുയരുകയാണ്. അന്യസംസ്ഥാനത്തെ ആശ്രയിക്കുന്ന കേരളത്തിന് തിരിച്ചടിയാണ്. കടുത്ത വേനലും അകാല മഴയുമാണ് പച്ചക്കറികളുടെ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഈ വർഷം മഹാരാഷ്ട്രയിലെ ജുന്നാർ മേഖലയിൽ അമിതമായ ചൂട് കാരണം തക്കാളി ഉത്പാദനം കുറഞ്ഞിട്ടുണ്ട്. സാധാരണ വേനൽക്കാല വിളയായ തക്കാളി ഉൽപ്പാദനം (മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിതച്ച് ജൂണിൽ വിളവെടുക്കുന്നത്) ഏക്കറിന് 2000 പെട്ടികളാണ്. ഇതാണ് ഇത്തവണ ഏക്കറിന് 500-600 പെട്ടികളായി കുറഞ്ഞിരിക്കുന്നത്.
തൽഫലമായുണ്ടാകുന്ന ക്ഷാമം വില കുത്തനെ കുതിച്ചുയരാൻ കാരണമായി. മുംബൈയിലെയും മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെയും വിലകൾ കിലോഗ്രാമിന് 90-100 രൂപയായി ഉയർന്നു, അതേസമയം ഓൺലൈൻ പോർട്ടലുകളിൽ വില കിലോയ്ക്ക് 90-95 രൂപയാണ്.
അമിതമായ ചൂട് മറ്റ് പച്ചക്കറികളായ ഉരുളക്കിഴങ്ങ്, ഉള്ളി, ഇലക്കറികൾ എന്നിവയുടെ വില വർദ്ധിപ്പിച്ചു.
മഴയുടെ ആഘാതം മൂലം എല്ലാ വർഷവും മൺസൂൺ മാസങ്ങളിൽ പച്ചക്കറി വില ഉയരാറുണ്ട്, എന്നാൽ, ഈ വർഷം, വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം അമിതമായ വേനൽച്ചൂടാണ്.
കാലവർഷം വൈകുന്നത് തക്കാളി കൃഷിയെ ബാധിക്കുമെന്നതിനാൽ സ്ഥിതി ഉടൻ മെച്ചപ്പെടാൻ സാധ്യതയില്ല.