മുംബൈ: ഏകീകൃത അടിസ്ഥാനത്തിൽ ടോറന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ രണ്ടാം പാദ അറ്റാദായം 1.3% ഇടിഞ്ഞ് 312 കോടി രൂപയായി കുറഞ്ഞു. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7.2% വർധിച്ച് 2,291 കോടി രൂപയായി.
മരുന്ന് നിർമ്മാതാവിന്റെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 463 കോടി രൂപയാണ്. കൂടാതെ പ്രസ്തുത കാലയളവിൽ ഇബിഐടിഡിഎ 694 കോടി രൂപയായും ഇബിഐടിഡിഎ മാർജിൻ 30 ശതമാനം ആയും കുറഞ്ഞു.
2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ വിപണിയിലെ വരുമാനം 1,224 കോടി രൂപയായി ഉയർന്നു. പുതിയ ലോഞ്ചുകൾ, മുൻനിര ബ്രാൻഡുകളുടെ പ്രകടനം, ഫോക്കസ് തെറാപ്പികളിലുടനീളമുള്ള വിപണിയിലെ മികവ് എന്നിവയാണ് വളർച്ചയ്ക്ക് കാരണമെന്ന് ടോറന്റ് ഫാർമ അറിയിച്ചു.
കൂടാതെ കമ്പനിയുടെ ബ്രസീൽ വിപണയിലെ വരുമാനം 19 ശതമാനം ഉയർന്ന് 185 കോടി രൂപയായപ്പോൾ യുഎസ് വരുമാനം 292 കോടി രൂപയായി വർധിച്ചു. എന്നാൽ ജർമ്മനിയിലെ വരുമാനം 12 ശതമാനം ഇടിഞ്ഞ് 220 കോടി രൂപയായി കുറഞ്ഞു.
8,500 കോടി രൂപയിലധികം വാർഷിക വരുമാനമുള്ള ടോറന്റ് ഫാർമയാണ് ടോറന്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനി. ഇത് കാർഡിയോവാസ്കുലർ (സിവി), ഗ്യാസ്ട്രോ ഇൻറസ്റ്റൈനൽ (ജിഐ), സെൻട്രൽ നാഡീവ്യൂഹം (സിഎൻഎസ്), വൈറ്റമിൻ മിനറൽസ് ന്യൂട്രീഷണൽസ് (വിഎംഎൻ) എന്നി വിഭാഗങ്ങളിൽ ഉല്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ബിഎസ്ഇയിൽ ടോറന്റ് ഫാർമയുടെ ഓഹരികൾ 0.66 ശതമാനം ഉയർന്ന് 1,578.95 രൂപയിലെത്തി.