മുംബൈ: 2022 സെപ്തംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 31 ശതമാനം വർധിച്ച് 484.19 കോടി രൂപയായതായി ടോറന്റ് പവർ അറിയിച്ചു. 2021 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 368.84 കോടി രൂപയായിരുന്നു.
പ്രസ്തുത പാദത്തിൽ സ്ഥാപനത്തിന്റെ മൊത്തവരുമാനം മുൻ വർഷം ഇതേ കാലയളവിലെ 3,683.69 കോടിയിൽ നിന്ന് 6,797.2 കോടി രൂപയായി കുതിച്ചുയർന്നു. വൈദ്യുതി ആവശ്യകതയിലെ വർദ്ധനവ്, ലൈസൻസുള്ള വിതരണ ബിസിനസുകളുടെ മെച്ചപ്പെട്ട പ്രകടനം, എൽഎൻജി (ഗ്യാസ്) വ്യാപാരത്തിൽ നിന്നുള്ള അറ്റാദായം എന്നിവയുടെ പിൻബലത്തിൽ ഈ പാദത്തിലെ മൊത്തം വരുമാനം മെച്ചപ്പെട്ടതായി കമ്പനി അറിയിച്ചു.
2,730 മെഗാവാട്ട് ഗ്യാസ് അധിഷ്‌ഠിത ശേഷിയും 1,068 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ശേഷിയും 362 മെഗാവാട്ട് കൽക്കരി അധിഷ്‌ഠിത ശേഷിയും ഉൾപ്പെടുന്ന മൊത്തം 4,160 മെഗാവാട്ട് ഉൽപാദന ശേഷി കമ്പനിക്കുണ്ട്. കൂടാതെ അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, ദഹേജ്, ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു (DNH & DD) എന്നിവിടങ്ങളിലെ 3.94 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്കായി കമ്പനി 26 ബില്യൺ യൂണിറ്റ് വിതരണം ചെയ്യുന്നു.
ടോറന്റ് ഗ്രൂപ്പിന്റെ സംയോജിത പവർ യൂട്ടിലിറ്റി കമ്പനിയാണ് ടോറന്റ് പവർ. രാജ്യത്തെ വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഇതിന് ഉത്പാദനം, പ്രക്ഷേപണം, വിതരണം എന്നി മുഴുവൻ പവർ വാല്യൂ ശൃംഖലയിലുടനീളം സാന്നിധ്യമുണ്ട്.