
മുംബൈ: സെപ്റ്റംബറില്‍ രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 12.97 കോടിയിലെത്തി. പ്രാദേശിക ഓഹരികളില്‍ നിന്നുള്ള ആകര്‍ഷകമായ വരുമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്.
എന്എസ്ഡിഎല്, സിഡിഎസ്എല്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 30.6 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ടുകളാണ് സെപ്റ്റംബറില്‍ തുറന്നത്. ഇത് ഓഗസ്റ്റിലെ 31 ലക്ഷത്തില്‍ നിന്ന് അല്‍പ്പം കുറവാണെങ്കിലും തുടര്‍ച്ചയായ രണ്ടാം മാസവും പുതിയ അക്കൗണ്ടുകള്‍ 30 ലക്ഷം കവിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.
“കോവിഡ് 19 നു ശേഷം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന യുവാക്കളുടെ നിക്ഷേപ മനോഭാവത്തില്‍ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, കോവിഡിനു ശേഷം ഇക്വിറ്റി വരുമാനത്തിലുണ്ടായ ഉയര്‍ച്ച യുവ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് തുടരുന്നു.” ജിയോജിത് ഫിനാന്‍ഷ്യല്‍ ഇന്‍വസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വ്യക്തമാക്കി.
ജൂലൈ മുതൽ ധാരാളം ഐപിഒകൾ നല്ല പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതും ഒരു കൂട്ടം നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിച്ചിരിക്കാമെന്ന് വിശകലന വിദഗ്ധർ കരുതുന്നു.
കൂടാതെ, ഡിസ്കൗണ്ട് ബ്രോക്കർമാർ ഉൾപ്പെടെയുള്ള ബ്രോക്കറേജുകളുടെ പതിവ് ക്യാംപെയ്നുകളും ഡീമാറ്റ് അക്കൗണ്ടുകളുടെ വർധനയ്ക്ക് കാരണമാകുന്നു.
ഡീമാറ്റ് അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ സ്ഥിരത പ്രതീക്ഷിക്കുന്നുവെങ്കിലും കഴിഞ്ഞ രണ്ട് മാസങ്ങളിലെ നമ്പറുകള്‍ ഇനി വരുന്ന ഏതാനും മാസങ്ങളില്‍ മറികടക്കാനിടയില്ലെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസെര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.