
മുംബൈ: അദാനി ഗ്രീൻ എനർജി ലിമിറ്റഡിലെ അവരുടെ ഓഹരിയുടെ ഒരു ചെറിയ ഭാഗം വിൽക്കാൻ ഒരുങ്ങി ടോട്ടൽ എനർജീസ് എസ്ഇ. 2021-ൽ ഫ്രഞ്ച് ഊർജ്ജ ഭീമൻ അദാനി ഗ്രീനിന്റെ 20 ശതമാനം ഓഹരികൾ 2 ബില്യൺ ഡോളറിന് സ്വന്തമാക്കിയിരുന്നു. ഈ 20% ഓഹരിയുടെ നിലവിലെ മൂല്യം ഏകദേശം 10 ബില്യൺ ഡോളറാണ്.
ഈ വർഷം ഇന്ത്യയിലെ എസ് ആന്റ് പി ബി എസ് ഇ സെൻസെക്‌സ് സൂചികയിൽ 1.8 ശതമാനം ഇടിവുണ്ടായപ്പോൾ അദാനി ഗ്രീനിന്റെ ഓഹരികൾ 54 ശതമാനം ഉയർന്നു. ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി, 2030-ഓടെ മൊത്തം ഹരിത ഊർജ വിതരണ ശൃംഖലയിൽ ഏകദേശം 70 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ വൈദ്യുതി ഉൽപ്പാദകരാകാനാണ് അദാനി ഗ്രീൻ എനർജി ലക്ഷ്യമിടുന്നത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL). ലോകത്തിലെ ഏറ്റവും വലിയ സോളാർ ഫോട്ടോവോൾട്ടെയ്ക് പ്ലാന്റുകളിലൊന്നായ കമുത്തി സോളാർ പവർ പ്രോജക്ട് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.