
മുംബൈ: ശ്രീറാം ഫിനാൻസ് ലിമിറ്റഡിലെ തങ്ങളുടെ മുഴുവന്‍ ഓഹരി പങ്കാളിത്തവും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജി അവസാനിപ്പിച്ചു. തങ്ങളുടെ കൈവശമുണ്ടായിരുന്ന 2.65 ശതമാനം ഓഹരികൾ ബ്ലോക്ക് ഡീലുകളിലൂടെ വിറ്റഴിച്ചുവെന്നും 1,400 കോടി രൂപയാണ് ഇതിന്‍റെ ഇടപാട് മൂല്യമെന്നും ടിപിജി അറിയിച്ചു. അതേസമയം ശ്രീറാം ഗ്രൂപ്പിന്റെ ഇൻഷുറൻസ് സംരംഭത്തിൽ ടിപിജി തങ്ങളുടെ ഓഹരി പങ്കാളിത്തം തുടരുന്നുണ്ട്.
ശ്രീറാം ഫിനാൻസിന് നിലവില്‍ 54,653 കോടി രൂപ വിപണി മൂലധനമുണ്ട്, നിലവില്‍ ഏകദേശം 1,458 രൂപയിലാണ് ശ്രീറാമിന്‍റെ ഓരോ ഓഹരിയും വിറ്റഴിക്കുന്നത്. ടിപിജിയെ കൂടാതെ, പിരാമൽ ഗ്രൂപ്പും സമീപഭാവിയിൽ തന്നെ കമ്പനിയിലെ തങ്ങളുടെ 8.3 ശതമാനം ഓഹരികൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം അവസാനിപ്പിക്കാന്‍ പിരമല്‍ ഗ്രൂപ്പും ടിപിജി-യും പദ്ധതിയിടുന്നതായി മാര്‍ച്ചില്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറുകിട ബിസിനസ്സുകൾക്ക് ധനസഹായം നൽകുകയും ഭവനവായ്പ വിൽക്കുകയും ചെയ്തിരുന്ന ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസും ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി ലിമിറ്റഡും (എസ്‌ടിഎഫ്‌സിഎൽ) ലയിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര വായ്പാ ദാതാവായി ശ്രീറാം ഫിനാന്‍സ് മാറിയിരുന്നു.
വലിയ തോതില്‍ ബ്ലോക്ക് ഡീലുകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ ഫലമായി ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ 7 ശതമാനത്തോളം ഉയര്‍ച്ച പ്രകടമാക്കിയിരുന്നു.
ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, സ്റ്റോക്കിന്റെ ശരാശരി ടാർഗെറ്റ് വില 1,571 രൂപയാണ്, ഇത് നിലവിലെ വിപണി വിലയേക്കാൾ 7% ഉയർന്ന നിലയിലുള്ളതാണ്.
“ശ്രീറാം ഫിനാൻസിലെ മുഴുവൻ ഓഹരികളും ടിപിജി വിറ്റതായാണ് മനസിലാക്കുന്നത്. പല ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും എഫ്‌ഐഐകളും ഇത് വാങ്ങാൻ സാധ്യതയുണ്ട്, പക്ഷേ ഞങ്ങൾക്ക് സ്ഥിരീകരിച്ച വിവരങ്ങൾ ഇല്ല.” ശ്രീറാം ഫിനാൻസിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ടിപിജി വളരെക്കാലമായി ശ്രീറാമില്‍ നിക്ഷേപകരായിരുന്നു, എന്നാല്‍ എല്ലാ ഫണ്ടുകൾക്കും പരിമിതികളുണ്ട്. ഭാവിയിൽ ടിപിജി ഞങ്ങളുമായി വീണ്ടും പങ്കാളിത്തത്തില്‍ എത്തുമെന്ന് കരുതുന്നതായും രേവങ്കർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ശ്രീറാം ഫിനാൻസിന്‍റെ അറ്റാദായം മുന്‍ വര്‍ഷം സമാന പാദത്തിലെ 1086 കോടി രൂപയില്‍ നിന്ന് 20% വർധനയോടെ 1308 കോടി രൂപയിലെത്തിയിരുന്നു.
കമ്പനിയുടെ അറ്റ പലിശ വരുമാനം 2628 കോടി രൂപയിൽ നിന്ന് 4446 കോടി രൂപയായപ്പോൾ മൊത്തം വരുമാനം 5088 കോടി രൂപയിൽ നിന്ന് 7769 കോടി രൂപയായി.
കമ്പനിയുടെ എയുഎം (കൈകാര്യം ചെയ്യുന്ന ആസ്തി) മാർച്ച് അവസാനത്തില്‍ 16% വാർഷിക വളർച്ചയോടെ 1.86 ലക്ഷം കോടി രൂപയായി.
മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 6.21% ആയിരുന്നു, 2022 മാര്‍ച്ച് 31ന് ഇത് 7% ആയിരുന്നു.
അറ്റ എൻപിഎ 3.67 ശതമാനത്തിൽ നിന്ന് 3.19 ശതമാനമായി കുറഞ്ഞു.