ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാരകമ്മി ഫെബ്രുവരിയില്‍ 17.4 ബില്യണ്‍ ഡോളറായി ചുരുങ്ങി. 18.75 ബില്ല്യണ്‍ ഡോളറായിരുന്നു മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ രേഖപ്പെടുത്തിയത്. തൊട്ടുമുന്‍മാസമായ ജനുവരിയിലെ വ്യാപരകമ്മി 17.76 ബില്യണ്‍ ഡോളര്‍.
ഇറക്കുമതി കുറഞ്ഞതാണ് മൊത്തം വ്യാപാരകമ്മി താഴ്ത്തിയത്. കയറ്റുമതിയിലും പ്രതിമാസ ഇടിവുണ്ടായി. 33.88 ബില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്തത്.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 37.15 ബില്യണ്‍ ഡോളറിന്റേതായിരുന്നു.നടപ്പ് വര്‍ഷം ജനുവരിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ കയറ്റുമതി വര്‍ധനവിലാണ്. 32.91 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് ജനുവരിയിലേത്.
ഇറക്കുമതി ഫെബ്രുവരിയില്‍ 51.31 ബില്യണ്‍ ഡോളറിന്റേതായി. മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ ഇറക്കുമതി 55.90 ബില്യണ്‍ ഡോളറായിരുന്നു. 2023 ജനുവരിയില്‍ 50.66 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയാണ് നടത്തിയത്.
സേവന, ചരക്ക് കയറ്റുമതിയില്‍ 7.8 ശതമാനം വര്‍ധനയുണ്ടായി. സേവന കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനമുയര്‍ന്ന് 36.85 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 12 ശതമാനമുയര്‍ന്ന് 14.55 ബില്യണ്‍ ഡോളറിന്റേതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി ഗണ്യമായി വര്‍ധിച്ചുവെന്ന് വാണിജ്യമന്ത്രാലയം പറയുന്നു.
മൊബൈല്‍ കയറ്റുമതി 50 ശതമാനം കൂടി. ജനുവരി അവസാനത്തോടെ അത് 8.3 ബില്യണ്‍ ഡോളറിലെത്തുകയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 750 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 676 ബില്യണ്‍ ഡോളറിനേക്കാള്‍ 11 ശതമാനം കൂടുതല്‍.