ന്യൂഡൽഹി: രാജ്യത്തെ ചരക്ക് വ്യാപാരക്കമ്മി ആഗസ്റ്റിൽ 24.16 ബില്യൺ ഡോളറായി കുറഞ്ഞു. അതേസമയം ചരക്ക് കയറ്റുമതിയിൽ കഴിഞ്ഞ മാസം കുറവുണ്ടായി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യമാണ് കയറ്രുമതിയിൽ ഇടിവുണ്ടാകാനുള്ള കാരണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ചരക്ക് വ്യാപാരക്കമ്മി കഴിഞ്ഞ വർഷം ആഗസ്റ്റിൽ 2486 കോടി ഡോളറായിരുന്നു. 2.8ശതമാനം കുറവാണ് ചരക്ക് വ്യാപാര കമ്മിയിലുണ്ടായതെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്‌വാൾ അറിയിച്ചു.
രാജ്യത്തെ ചരക്ക് കയറ്റുമതി മുൻ വർഷം ആഗസ്റ്റിൽ 3702 കോടി ഡോളറായിരുന്നത് കഴിഞ്ഞ മാസം 3448 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം ഇറക്കുമതി ആഗസ്റ്റിൽ 5864 കോടി ഡോളറാണ്. എന്നാൽ ഇക്കഴിഞ്ഞ ജൂലായിൽ ചരക്ക് കയറ്റുമതി 3225 കോടി ഡോളറും ഇറക്കുമതി 5292 കോടി ഡോളറുമായിരുന്നു.
യു.എസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം ആഗസ്റ്റിലെ 35.15 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ മാസം 3155 കോടി ഡോളറായി കുറഞ്ഞു.