

അഡ്വ. ജോളി ജോൺ
കേരളത്തിലെ ഇന്നത്തെ പ്രതീക്ഷാനിർഭരവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സംരംഭക ലോകത്തിൽ, ആശയങ്ങൾ ആണ് ഭൗതികമായ സ്വത്തിനേക്കാൾ വിലമതിക്കുന്നത്. ആശയങ്ങളുടെ വിത്തിൽ മുളച്ചു പൊങ്ങുന്ന ഒരു പുതു സംരംഭത്തെ മൂല്യവത്താക്കുന്നതു അതിന്റെ ബൗദ്ധിക സ്വത്തുക്കൾ ആണ്. അത്തരം ബൗദ്ധിക സ്വത്തുക്കളെക്കുറിച്ചുള്ള കാര്യമായ അവബോധമാണ് ഒരു സംരംഭകനെ വിജയിയായി പിൽക്കാലം അടയാളപ്പെടുത്തുന്നത്. പഠിച്ച വിഷയത്തിലെ സാങ്കേതിക ജ്ഞാനവും പുതുമയായ സംരംഭക ആശയവും “സ്റ്റാർട്ട് അപ്പ്” തുടങ്ങുന്നതിലേക്കും നിക്ഷേപകരെ ആകർക്കുന്നതിനും സഹായിക്കുമെങ്കിലും; തന്റെ അടിസ്ഥാന ശിലയായി നിയമ പരിരക്ഷയുള്ള ബൗദ്ധിക സ്വത്തവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ പിന്നീട് തന്റെ സംരംഭത്തെ തന്നെ മറ്റാരെങ്കിലും റാഞ്ചി കൊണ്ട് പോകുന്നതിലേക്കു വഴി വച്ചേക്കാം.
ഈ ചെറിയൊരു കുറിപ്പിൽ ബൗദ്ധിക സ്വത്തവകാശങ്ങളെക്കുറിച്ചു വിശദമായി പറയുക ബുദ്ധിമുട്ടാണ്. എങ്കിലും ട്രേഡ് മാർക്ക് എന്ന പ്രധാന മായ ബൗദ്ധിക സ്വത്തിന്റെ ചില പ്രായോഗിക വശങ്ങൾ, അതും സംരംഭം തുടങ്ങുന്ന വേളയിൽ തന്നെ സൂക്ഷിക്കേണ്ട കാര്യങ്ങൾ ചുരുക്കി പറയാം.
ആകർഷകമായ ഒരു ഉത്പന്നമോ സേവനമോ മാത്രമല്ല, തിരിച്ചറിയാനും വിശ്വസിക്കാനും കഴിയുന്ന ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിലാണ് ഒരു സ്റ്റാർട്ടപ്പിന്റെ വിജയം നിലനിൽക്കുന്നത്. ഈ ശ്രമത്തിൽ, ട്രേഡ്മാർക്ക് രജിസ്ട്രേഷൻ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമായി ഉയർന്നുവരുന്നു. പുതിയ തലമുറയിലെ സ്റ്റാർട്ടപ്പുകൾക്ക്, പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, ട്രേഡ്മാർക്ക് രജിസ്ട്രേഷന്റെ പ്രാധാന്യം എത്ര പറഞ്ഞാലും മതിയാവില്ല. രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക്, 1999-ലെ ട്രേഡ്മാർക്ക് നിയമപ്രകാരം ശക്തമായ നിയമപരമായ സംരക്ഷണം നൽകുന്നു. ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന സമാനമായ അടയാളങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുന്നത് തടഞ്ഞ്, ട്രേഡ്മാർക്ക് ഉടമയ്ക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നു. ലംഘനമുണ്ടായാൽ, തടസ്സപ്പെടുത്താനുള്ള ഉത്തരവുകളും നഷ്ടപരിഹാരവും തേടി നിയമനടപടി സ്വീകരിക്കാൻ രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു. ബ്രാൻഡ് പൈറസി യഥാർത്ഥ ഭീഷണിയായ ഒരു മത്സര വിപണിയിൽ ഈ നിയമപരമായ സംരക്ഷണം നിർണായകമാണ്.
ഒരു ട്രേഡ്മാർക്ക് ഒരു സ്റ്റാർട്ടപ്പിന്റെ ഉത്പന്നങ്ങളെയോ സേവനങ്ങളെയോ അതിന്റെ എതിരാളികളുടേതിൽ നിന്ന് വേർതിരിക്കുന്നു. കാലക്രമേണ, രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായമായി മാറുന്നു. ഇത് ഉപഭോക്തൃ വിശ്വാസവും വിശ്വസ്തതയും വളർത്തുന്നു. ഓൺലൈൻ സാന്നിധ്യം നിർണായകമായ ഡിജിറ്റൽ യുഗത്തിൽ, രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് ബ്രാൻഡ് ദൃശ്യപരതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് ഒരു അമൂർത്ത ആസ്തിയാണ് (Virtual Asset) , ഇത് ഒരു സ്റ്റാർട്ടപ്പിന്റെ മൂല്യനിർണ്ണയം ഗണ്യമായി വർദ്ധിപ്പിക്കും. ഇത് ലൈസൻസ് ചെയ്യാനോ ഫ്രാഞ്ചൈസ് ചെയ്യാനോ വിൽക്കാനോ കഴിയും, ഇത് അധിക വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നു. ഫണ്ടിംഗ് തേടുന്ന സ്റ്റാർട്ടപ്പുകൾക്ക്, രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു, ഇത് നിക്ഷേപകർക്ക് അവരെ കൂടുതൽ ആകർഷകമാക്കുന്നു. ഡിജിറ്റൽ വ്യാവഹാരിക ലോകത്തിൽ , ഡൊമെയ്ൻ നാമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും നിർണായക ബ്രാൻഡ് ആസ്തികളാണ്. രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് ഈ ആസ്തികളിലേക്കുള്ള ഒരു സ്റ്റാർട്ടപ്പിന്റെ അവകാശവാദം ശക്തിപ്പെടുത്തുന്നു, സൈബർസ്‌ക്വാറ്റിംഗും ഡൊമെയ്ൻ നാമ തർക്കങ്ങളും തടയുന്നു. ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ബ്രാൻഡ് പരിരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനും ഇത് സഹായിക്കുന്നു.
സ്റ്റാർട്ടപ്പുകൾ വിപുലീകരിക്കുകയും പുതിയ വിപണികളിലേക്ക് വളരുകയും ചെയ്യുമ്പോൾ, രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറം സംരക്ഷണം നൽകുന്നു. വിദേശ അധികാരപരിധികളിൽ ട്രേഡ്മാർക്ക് അവകാശങ്ങൾ ഉറപ്പാക്കി അന്താരാഷ്ട്ര വിപുലീകരണത്തെ ഇത് സഹായിക്കുന്നു. വൈവിധ്യമാർന്ന ഉത്പന്ന നിരകളിലും സേവന വാഗ്ദാനങ്ങളിലും സ്ഥിരമായ ബ്രാൻഡ് വ്യക്തിത്വം കെട്ടിപ്പടുക്കാനും ഇത് സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുന്നു.
ഇനി ഒരു സ്റ്റാർട്ട് അപ്പിൽ ട്രേഡ്മാർക്ക് സംബന്ധമായി ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ പറയാം.
ഒരു സംരംഭം തുടങ്ങാൻ ആലോചിക്കുമ്പോൾ തന്നെ കളർ, ഫോണ്ട്, ലോഗോ, മറ്റ് കോർപ്പറേറ്റ് ഐഡന്റിറ്റികൾ എല്ലാം വളരെ പ്രൊഫഷണൽ ആയി ആലോചിച്ചു തീരുമാനിക്കുക. അവയാവും വരും കാലത്തേക്ക് നിങ്ങളുടെ സംരംഭത്തെ ഉപഭോക്തൃ മനസ്സിലേക്ക് കടത്തിവിടുകയും നിലനിർത്തുകയും ചെയ്യുന്നതെന്ന് ഓർക്കുക.
നിലവിൽ മറ്റുള്ളവർക്ക് ബൗദ്ധിക സ്വത്തവകാശമുള്ള എല്ലാ വ്യാപാര അടയാളങ്ങളും തീർത്തും ഒഴിവാക്കുക. നിങ്ങൾ വളർന്ന ശേഷം; നിങ്ങൾ ഉപയോഗിക്കുന്ന ട്രേഡ് മാർക്കിന്റെയോ ലോഗോയുടെയോ യഥാർഥ ഉടമസ്ഥൻ നിങ്ങൾക്കെതിരായി നിയമ നടപടി സ്വീകരിച്ചേക്കാം. അപ്പോൾ നിങ്ങൾ നിങ്ങളുടെ കോർപ്പറേറ്റ് ഐഡന്റിറ്റികളും ട്രേഡ് നെയിം, ലോഗോ എന്നിവയൊക്കെ മാറ്റുന്നത് നിങ്ങളുടെ വിശ്വാസത്തയെയും, മാർകെറ്റിംഗിനെയും , നിക്ഷേപകരെയും ബാധിച്ചേക്കാം.
നിങ്ങൾ ഒരു സംരംഭക പ്രസ്ഥാനം ആരംഭിക്കുമ്പോൾ ഒറ്റയ്ക്കോ കൂട്ടായോ ആയിട്ടായിരിക്കാം തുടങ്ങുക. അത്തരം ഒരു സംരംഭകത്വത്തിന്റെ രൂപം പാർട്ടർഷിപ്പോ, LLP യോ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ അല്ലെങ്കിൽ പ്രൊപ്രൈറ്റർഷിപ്പോ ആവാം. ഇത്തരം ഓരോ തരം സംരംഭകരൂപങ്ങൾക്കും ഓരോ തരം നിയമമാണ് ബാധകമാവുക. നിങ്ങളുടെ ട്രേഡ് മാർക്ക് സംബന്ധമായ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഏതു രൂപത്തിലുള്ള ഒരു സംരംഭമാണ് നിങ്ങൾ തുടങ്ങുന്നത് എന്നുള്ളതും വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടതാണ്. നിങ്ങൾ ഒരു വ്യക്തിയെന്ന നിലയിൽ മാത്രമാണ് ഒരു സംരംഭം തുടങ്ങുന്നതെങ്കിൽ ട്രേഡ് മാർക്കും മറ്റ് ഭൗതിക സ്വത്താവകാശങ്ങളും നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾ തുടങ്ങുന്നത് പാർട്ണർഷിപ് ആയിട്ടോ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടോ ആണെങ്കിൽ നിങ്ങളുടെ പങ്കാളികളുമായി ചർച്ചചെയ്ത് പാർണർഷിപ്പിന്റെ പേരിലോ കമ്പനിയുടെ പേരിലോ ഇത്തരം ബൗദ്ധിക സ്വത്താവകാശങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ഉത്തമമാണ്.
ദീർഘകാല അടിസ്ഥാനത്തിൽ മുൻ ധാരണകളോടെ ഇത്തരം രജിസ്ട്രേഷനുകൾ ചെയ്യുന്നത് പിന്നീടുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതിനും ഏതെങ്കിലും സമയത്ത് തമ്മിൽ പിരിയേണ്ടി വരുമ്പോൾ ഇത്തരം ബൗദ്ധിക സ്വത്തവകാശങ്ങൾ ആരുടെ പേരിലേക്കാണ് പോകേണ്ടത് എന്നുള്ളത് സംബന്ധമായി തുടക്കത്തിൽ തന്നെ നിങ്ങളുടെ പങ്കാളിത്ത രേഖകളിൽ ധാരണ ഉണ്ടാക്കുന്നതും ഉത്തമമാണ്. നിങ്ങളുടെ സംരംഭം തുടങ്ങുമ്പോൾ തന്നെ ട്രേഡ് മാർക്കും ട്രേഡ് ലോഗോകളും മറ്റ് അനുബന്ധ ഭൗതിക സ്വത്തുകൾ എല്ലാം രജിസ്റ്റർ ചെയ്യാൻ തീർച്ചയായും ഓർക്കേണ്ടതും പിന്നീട് നിങ്ങളിൽ നിന്നും വേറൊരു പിരിഞ്ഞു പോകുന്ന നിങ്ങളുടെ പങ്കാളികളോ നിങ്ങളുടെ മുൻജീവനക്കാരോ ഇതേ പേരിൽ മറ്റൊന്നും തുടങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തുവാനും അങ്ങനെ ആരെങ്കിലും ചെയ്യുന്ന പക്ഷം അതിനെ നിയമപരമായി നേരിടുന്നതിനും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടുത്തയാഴ്ച ട്രേഡ്മാര്ക്കുകളുടെ മറ്റു സവിശേഷതകളുമായി തിരികെ വരാം.
കൂടുതൽ വിശദാംശങ്ങൾ നേരിട്ട് മനസിലാക്കാൻ:
Jolly John
Advocate
Jolly.John@bizandlegis.com
9847182002