സ്പാം കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്ന ശല്യത്തെ ചുവടോടെ അറുക്കാൻ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ).
വ്യക്തിഗത നമ്പറുകളില്‍നിന്ന് ടെലിമാർക്കറ്റിങ്ങുകാർ സ്പാം കോളുകള്‍ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യുന്നപക്ഷം ആ നമ്പറുകള്‍ ഡിസ്കണക്‌ട് ചെയ്യുമെന്ന് ട്രായ് അറിയിച്ചു. എൻ.ഡി.ടി.വി. പ്രൊഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രായ് ചെയർമാൻ അനില്‍ കുമാർ ലഹോതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്പാം കോളുകളും സന്ദേശങ്ങളും അയക്കുന്ന നമ്പറുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ട്രായ് ചെയർമാൻ കൂട്ടിച്ചേർത്തു. ഇതിനകം 18 ലക്ഷം നമ്പറുകള്‍ ഡിസ്കണക്‌ട് ചെയ്തുകഴിഞ്ഞു.
800 സ്ഥാപനങ്ങളെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തി. ടെലികോം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണ് സ്പാം കോളുകളും സന്ദേശങ്ങളും. രജിസ്റ്റർ ചെയ്യപ്പെട്ട ടെലിമാർക്കറ്റിങ് സ്ഥാപനങ്ങള്‍ക്ക് ട്രായിയുടെ നിയന്ത്രണ ചട്ടക്കൂടുകളുണ്ട്, ചെയർമാൻ കൂട്ടിച്ചേർത്തു.
സംവിധാനം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ ട്രായ് വിശദമായ പഠനം നടത്തിയിട്ടുണ്ട്. സ്പാം സന്ദേശങ്ങളെ പ്രതിരോധിക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്ക്, ഉപയോഗത്തിലില്ലാത്ത കണ്ടന്റ് ടെംപ്ലേറ്റുകളും ഹെഡറുകളും നീക്കം ചെയ്യാൻ സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രായ് ചെയർമാൻ പറഞ്ഞു.
വാണിജ്യാവശ്യങ്ങള്‍ക്കായുള്ള വിളികള്‍ക്ക് ഉപയോഗിക്കുന്ന നമ്പറുകള്‍ 140 സീരീസില്‍ ഉള്‍പ്പെട്ടതായിരിക്കണമെന്നത് ട്രായ് നിർബന്ധമാക്കിയിട്ടുണ്ട്. ഡു നോട്ട് ഡയല്‍ (ഡി.എൻ.ഡി.) രജിസ്ട്രിയില്‍ പേര് ചേർത്തിട്ടുള്ളവർക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വിളികള്‍ വരികയില്ല.
അതേസമയം, ചില സമയത്ത് വാണിജ്യ ആവശ്യങ്ങള്‍ മുൻനിർത്തിയുള്ള വിളികള്‍ യഥാർഥത്തില്‍ ആവശ്യമുള്ളതായിരിക്കും. സേവനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും മറ്റും ഇത് സ്വീകരിക്കേണ്ടിയും വരും.
ഈ പ്രശ്നം പരിഹരിക്കാൻ സർവീസ്, ട്രാൻസാക്ഷണല്‍ കോളുകള്‍ക്കായി വേറെ സീരീസില്‍ ഉള്‍പ്പെട്ട നമ്പറുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രായ് ചെയർമാൻ പറഞ്ഞു.