കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക കുതിപ്പിനു തടസമായി കെഎസ്ഇബിയിൽ ട്രാൻസ്ഫോർമറുകളുടെ ക്ഷാമം.
സ്ഥിരതയാർന്ന വോൾട്ടേജ് വ്യവസായ സംരംഭങ്ങൾക്കു ലഭ്യമാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണു കെഎസ്ഇബി. ഇക്കഴിഞ്ഞ വേനലിലുണ്ടായ ഉഷ്ണതരംഗത്തിൽ അമിത ലോഡ് താങ്ങാനാവാതെ കുറെ ട്രാൻസ്ഫോർമറുകൾ നശിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ട്രാൻസ്ഫോർമറിനായി കെഎസ്ഇബിയിൽ പണമടച്ചു കാത്തിരിക്കുന്ന വ്യവസായ സംരംഭകരോടു ‘നാളെ നാളെ’ പല്ലവി ആവർത്തിക്കുകയാണ് കെഎസ്ഇബി.
ട്രാൻസ്ഫോർമറുകൾക്കായി ദർഘാസ് ക്ഷണിച്ച് പർച്ചേസ് ഓർഡറുകൾ നൽകിയിട്ട് ഒന്നരവർഷമാകാറായിട്ടും നാമമാത്രമായ എണ്ണമാണു ലഭ്യമായത്. മൊത്തം 1,624 ട്രാൻസ്ഫോർമറുകൾക്കാണ് കെഎസ്ഇബി ഓർഡർ നൽകിയിരിക്കുന്നത്. ഇതിൽ 65 എണ്ണം മാത്രമാണു നിലവിൽ ലഭ്യമായിരിക്കുന്നത്.
2023 ഫെബ്രുവരി 14ന് ദർഘാസ് ക്ഷണിച്ച കെഎസ്ഇബി, പൊതുമേഖലാ സ്ഥാപനമായ കെല്ലിനും യൂണിപവറിനുമാണ് പർച്ചേസ് ഓർഡർ നൽകിയത്. പർച്ചേസ് ഓർഡറിൽ നിഷ്കർഷിച്ചിട്ടുള്ള വിതരണ കാലാവധി കഴിഞ്ഞ ശേഷം 160 കെവിഎയുടെ 65 ട്രാൻസ്ഫോർമറുകൾ മാത്രമാണ് കെൽ ലഭ്യമാക്കിയത്.
160 കെവിഎയുടെ 340 എണ്ണത്തിനാണ് ഓർഡർ നൽകിയിരുന്നത്. 100 കെവിഎയുടെ 1198 എണ്ണം, 250 കെവിഎയുടെ 75 എണ്ണം, 500 കെവിഎയുടെ 11 എണ്ണം എന്നിങ്ങനെയാണു ട്രാൻസ്ഫോർമറുകൾക്കായി കെഎസ്ഇബി പർച്ചേസ് ഓർഡറുകൾ നൽകിയിരുന്നത്.
സമയബന്ധിതമായി ട്രാൻസ്ഫോർമറുകൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി പലതവണ കെല്ലിനു കത്തു നൽകിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ 100 കെവിഎ ട്രാൻസ്ഫോർമറുകളുടെ ഓർഡർ ഹൈദരാബാദിലുള്ള ട്രാൻസ്കോണ് ഇൻഡസ്ട്രീസിന് ഇക്കഴിഞ്ഞ ജനുവരിയിൽ മാറ്റിനൽകിയിട്ടും ഫലമുണ്ടായില്ല.
ഈ വർഷം മാർച്ച് മുതൽ ജൂണ് വരെയുള്ള കാലയളവിനുള്ളിൽ ട്രാൻസ്ഫോർമർ ലഭ്യമാക്കണമെന്നായിരുന്നു പർച്ചേസ് ഓർഡറിലെ വ്യവസ്ഥ. 160 കെവിഎയുടെ ബാക്കി എണ്ണം ട്രാൻസ്ഫോർമറുകൾ ലഭ്യമാക്കാൻ കോട്ടയത്തുള്ള യൂണിപവർ സിസ്റ്റത്തിനും ഓർഡർ മാറ്റിനൽകിയിട്ടുണ്ട്.