ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയായ ട്രെന്റും പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സും തിങ്കളാഴ്‌ച മുതല്‍ നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കും. ആറ് മാസത്തിലൊരിക്കല്‍ നിഫ്‌റ്റിയിലെ ഓഹരികളുടെ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുന്നതോടെ രണ്ട് ഓഹരികളും നിഫ്‌റ്റി 50 സൂചികയില്‍ നിന്ന് ഒഴിവാക്കപ്പെടും.
ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഐടി കമ്പനിയായ എല്‍ടിഐ മൈന്റ് ട്രീയും ഫാര്‍മ കമ്പനിയായ ദിവിസ് ലാബും നിഫ്‌റ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടും. എല്‍ടിഐ മൈന്റ് ട്രീയും ദിവിസ് ലാബും നിഫ്‌റ്റി 50യില്‍ സ്ഥാനം പിടിക്കും. നിഫ്‌റ്റി അധിഷ്‌ഠിത ഫണ്ടുകള്‍ക്ക് ഈ ഓഹരികളില്‍ നിക്ഷേപിക്കേണ്ടി വരും. നിഫ്‌റ്റി ഓഹരിയായി മാറുന്നതോടെ ഭാരത് ഇലക്‌ട്രോണിക്‌സില്‍ 336 ദശലക്ഷം ഡോളര്‍ നിക്ഷേപമെത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ട്രെന്റില്‍ 495 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ മള്‍ട്ടിബാഗറുകളാണ്. ഭാരത് ഇലക്‌ട്രോണിക്‌സ് 112 ശതമാനമാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നത്. കോവിഡിനെ തുടര്‍ന്ന് വിപണിയിലുണ്ടായ ഇടിവില്‍ 2020 മാര്‍ച്ച് 24ന് 365 രൂപയിലേക്ക് ഇടിഞ്ഞ ട്രെന്റ് അതിനു ശേഷം 20 മടങ്ങാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 271 ശതമാനമാണ് ട്രെന്റ് നല്‍കിയ നേട്ടം. എക്കാലത്തെയും ഉയര്‍ന്ന വിലയിലാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
നിഫ്‌റ്റിയില്‍ 50 ഓഹരികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി 31നും ജൂലായ് 31നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഓഹരികളില്‍ അഴിച്ചുപണി നടത്താറുണ്ട്. ഭാരത് ഹെവി ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ദിവിസ് ലബോറട്ടറീസ്, ജെഎസ്‌ഡബ്ല്യു എനര്‍ജി, എല്‍ടിഐ മൈന്റ്‌ട്രീ, മാക്രോടെക് ഡെവലപ്പേഴ്‌സ്, എന്‍എച്ച്‌പിസി, യൂണിയന്‍ ബാങ്ക് എന്നിവ നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചികയില്‍ സ്ഥാനം പിടിക്കും. ബെര്‍ഗര്‍ പെയിന്റ്‌സ്, കോള്‍ഗേറ്റ് പാല്‍മൊലീവ്, മാരികോ, എസ്‌ബിഐ കാര്‍ഡ്‌സ്, എസ്‌ആര്‍എഫ് എന്നിവ നിഫ്‌റ്റി നെക്‌സ്റ്റ് 50യില്‍ നിന്ന് ഒഴിവാക്കപ്പെടും.