പാലക്കാട്: രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം–കാസർകോട് റൂട്ടിലേതാണെന്നു വ്യക്തമായി. 215 ശതമാനമാണ് കേരളത്തിന്റെ സ്വന്തം വന്ദേഭാരതിന്റെ ഒക്യുപൻസി റേറ്റ്.
അതായത്, ട്രെയിനിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം പേർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്ക് 203 ശതമാനമാണ് ഒക്യുപൻസി റേറ്റ്.
കോയമ്പത്തൂർ – ചെന്നൈ വന്ദേഭാരതും സെക്കന്ദരാബാദ് – തിരുപ്പതി വന്ദേഭാരത് എക്സ്പ്രസും കൂടിയ ഒക്യുപൻസി റേറ്റോടെ തൊട്ടു പിന്നിലുണ്ട്. 150നു മുകളിലാണ് അവയുടെ ഒക്യുപൻസി റേറ്റ്.
ആവശ്യത്തിനു യാത്രക്കാരില്ലെങ്കിൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയ്ക്കാനുള്ള തയാറെടുപ്പോടെയാണു കേരളത്തിൽ വന്ദേഭാരത് സർവീസ് തുടങ്ങിയത്. എന്നാൽ, അതു വേണ്ടിവരില്ലെന്ന സൂചനയാണ് ഇപ്പോൾ കാണുന്നത്.
തുടക്കത്തിലുള്ള കൗതുകം കുറഞ്ഞാലും 100% ബുക്കിങ് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. അതേസമയം, രാജ്യത്തെ മറ്റു പല വന്ദേഭാരത് ട്രെയിനുകളുടെയും അവസ്ഥ മോശമാണ്. ബിലാസ്പുർ – നാഗ്പുർ റൂട്ടിൽ 52 ശതമാനവും അജ്മേർ – ഡൽഹി റൂട്ടിൽ 48 ശതമാനവും യാത്രക്കാർ മാത്രമാണുള്ളത്.
ഇവ റെയിൽവേക്കു കനത്ത നഷ്ടമുണ്ടാക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയ്ക്കാൻ നിർദേശമുണ്ട്. ഇതിനിടെ, തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് രാജസ്ഥാന് ഉടൻ നാലു വന്ദേഭാരത് എക്സ്പ്രസുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ഇവയുടെ റൂട്ടുകൾ പരിഗണിച്ചു വരുന്നതേയുള്ളൂ. രാജ്യത്തിപ്പോൾ 15 വന്ദേഭാരത് ട്രെയിനുകളാണു സർവീസ് നടത്തുന്നത്.
ഇവയിൽ നഷ്ടത്തിലോടുന്നവയുടെ റൂട്ട് പുനഃക്രമീകരിക്കാനും സമയം മാറ്റാനും റെയിൽവേ തുടക്കം കുറിച്ചിട്ടുണ്ട്.