
വാഷിങ്ടണ്‍: പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ 245 ശതമാനം വരെയാക്കി വർധിപ്പിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് ഏറെ വലഞ്ഞിരിക്കുന്ന ആഗോള വിപണികളെ വീണ്ടും ആശങ്കയിലാക്കുന്ന നീക്കമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അമേരിക്കൻ ഉത്പന്നങ്ങള്‍ക്കെതിരെ പകരച്ചുങ്കം ഏർപ്പെടുത്തിയതിന് മറുപടിയായാണ് ചൈനയ്ക്കുള്ള തീരുവ കൂട്ടിയത്.
താരിഫ് യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ നികുതി വർധിപ്പിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കൻ ഉത്പന്നങ്ങളുടെ മേലും ചൈന 145 ശതമാനം നികുതി ചുമത്തുകയും പല യു.എസ് കമ്ബനികള്‍ക്കുമേലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ചൈനീസ് വ്യോമയാന കമ്ബനികളോട് അമേരിക്കൻ കമ്ബനിയായ ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിർത്തിവെയ്ക്കണമെന്ന് കഴിഞ്ഞദിവസം ചൈനീസ് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനോടുള്ള പ്രതികരണമായാണ് നികുതി ഇരട്ടിയായി യു.എസ് വർധിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി പ്രഖ്യാപിച്ചതോടെ 75 രാജ്യങ്ങള്‍ യു.എസ്സുമായി വ്യാപാര കരാറിനുള്ള ചർച്ചകള്‍ക്ക് സന്നദ്ധമായി.
ഈ രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് നടപ്പാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് നിർത്തിവെച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി ചർച്ചക്കില്ലെന്ന് വ്യക്തമാക്കിയ ചൈനയ്ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നത്.
യു.എസ്- ചൈന വ്യാപാര യുദ്ധത്തേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്, പന്ത് ഇപ്പോള്‍ ചൈനയുടെ കോർട്ടിലാണ് എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മണിക്കുറുകള്‍ക്കകമാണ് 245 ശതമാനം നികുതി പ്രഖ്യാപനം വന്നത്. പന്തിപ്പോള്‍ ചൈനയുടെ കോർട്ടിലാണ്. ഞങ്ങളുമായി വ്യാപാര കരാറുണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പറഞ്ഞത്.
അതേസമയം യുഎസിന്റെ വ്യാപാര യുദ്ധത്തിന് മറുപടി നല്‍കുമെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. വ്യാപാര യുദ്ധത്തില്‍ ഭയക്കില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് യു.എസ് ആഗ്രഹിക്കുന്നതെങ്കില്‍ ഭീഷണിയും സമ്മർദ്ദം ചെലുത്തുന്നതും നിർത്തുകയാണ് വേണ്ടത്.
തുല്യതയിലും പരസ്പരം ബഹുമാനത്തിലും വേണം ചർച്ചകള്‍ നടക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.