ന്യൂയോർക്ക്: നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ക്രിപ്‌റ്റോ വ്യവസായത്തെ(Crypto Industry) പരിപോഷിപ്പിക്കാൻ ട്രംപ്(Trump) കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.
പുതിയ ഒരു ക്രിപ്‌റ്റോകറൻസി ബിസിനസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്‌ച സൂചന നൽകിയിരുന്നു.
ബാങ്കുകൾ കാലഹരണപ്പെട്ടത്
X-ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പുതിയ ക്രിപ്റ്റോ പ്ലാറ്റ്‌ഫോമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ഇന്ന് ലൈവ് സ്ട്രീമിൽ അവതരിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. മെല്ലെപ്പോക്കുകാരായ ബാങ്കുകളെ പിന്തള്ളി ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് ട്രംപ് പ്രഖ്യാപിച്ചു.
ബാങ്കുകൾ എന്ന ആശയം കാലഹരണപ്പെട്ടതാണ് എന്ന് ഒരുപടി കടന്നു പറഞ്ഞത് ആഗോളതലത്തിൽ തന്നെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ക്രിപ്റ്റോ കറൻസികളിൽ എന്ത് മാറ്റം കൊണ്ടുവരും? അദ്ദേഹത്തിന്റെ പദ്ധതികൾ എന്തൊക്കെയാണ്? എന്നൊന്നും ട്രംപ് വിട്ടു പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികൾ പ്രചാരണത്തിനിടയിൽ പുതിയ ബിസിനസുകൾ ആരംഭിക്കുന്നത് അസാധാരണമാണ്.കൂടാതെ ട്രംപിന്റെ ബിസിനസ് താൽപ്പര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം താൽപ്പര്യ വൈരുദ്ധ്യങ്ങള്‍ ഉയർത്തിയിട്ടുണ്ട്.
മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും നിയന്ത്രിക്കുന്ന വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന പുതിയ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമിനെ വരും ദിവസങ്ങളിൽ ട്രംപ് എത്ര കണ്ടു പിന്താങ്ങുമെന്നു കാത്തിരിക്കുകയാണ് അമേരിക്കൻ വോട്ടർമാരും, രാഷ്ട്രീയ നിരീക്ഷകരും.
അമേരിക്കൻ നയങ്ങൾ മാറ്റും
ക്രിപ്‌റ്റോ വ്യവസായവുമായി മുന്നോട്ട് പോകാനുള്ള ട്രംപിന്റെ ഏറ്റവും പുതിയ ശ്രമമാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന രീതിയിൽ വിശകലനങ്ങളുണ്ട്.
ഡിജിറ്റൽ കറൻസികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ യുഎസ് ഗവൺമെന്റ് നയങ്ങളെ മാറ്റുമെന്ന് ട്രംപ് പറഞ്ഞു. അദേഹത്തിന്റെ രണ്ട് മക്കളായ എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറുമാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യലിനെ പ്രൊമോട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ട്രംപിനെതിരെ ഉണ്ടായ രണ്ടാമത്തെ വധശ്രമത്തെ തുടർന്ന് ബിറ്റ് കോയിൻ കുത്തനെ ഇടിഞ്ഞു. വധശ്രമ വാർത്ത രാഷ്ട്രീയ ലോകത്തെ മാത്രമല്ല, ക്രിപ്‌റ്റോ വിപണിയെയും പിടിച്ചുകുലുക്കി.
ബിറ്റ്കോയിന്റെ വില 60,313 ഡോളറിൽ നിന്ന് 58,627 ഡോളറായി കുറഞ്ഞു. യുഎസിനെ ക്രിപ്‌റ്റോകറൻസിയുടെ കേന്ദ്രമാക്കാനുള്ള ട്രംപിന്റെ നിലപാടാണ് ഈ കുത്തനെ ഇടിവിന് കാരണമായത്.