
വാഷിങ്ടണ്‍: അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായി തീരുവ ഈടാക്കുകയാണെന്ന വിമർശനം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയുടെ പുതിയ തീരുവ പ്രഖ്യാപനങ്ങളെ തുടർന്ന് യു.എസ്. ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കെതിരായ അദ്ദേഹത്തിന്റെ പരാമർശം. ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്താമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ നമ്മളില്‍നിന്ന് വൻ തോതിലാണ് തീരുവ ഈടക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാൻ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവർക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ തീരുവ കുറയ്ക്കാൻ അവർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
അധികാരം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ഇന്ത്യ ഈടാക്കുന്ന അമിത തീരുവയെ ട്രംപ് വിമർശിച്ചിരുന്നു.
മറ്റ് രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത സംസാരിക്കവെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങള്‍ നമുക്കെതിരേ തീരുവ ചുമത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരേ നമ്മളും പകരത്തിന് പകരം എന്ന നിലയില്‍ തീരുവ ചുമത്താൻ തുടങ്ങുകയാണെന്നും ട്രംപ് യു.എസ്. കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നമ്മള്‍ അവരില്‍ നിന്ന് ഈടാക്കുന്നതിലും ഉയർന്ന തീരുവയാണ് നമ്മളില്‍ നിന്നും ഈടാക്കുന്നത്. ഇത് അങ്ങേയറ്റം അന്യായമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
100 ശതമാനത്തിലും അധികമാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഇറക്കുമതി തീരുവയെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യൻ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100% ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല.
ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും.
ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.