
അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുമായുള്ള ആദ്യ ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന.
അടുത്തമാസം അദ്ദേഹം എപ്പോഴെങ്കിലും യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇരു നേതാക്കളും തമ്മില്‍ നേരത്തെയുള്ള കൂടിക്കാഴ്ചക്കായി ഇന്ത്യന്‍ പക്ഷം പ്രവര്‍ത്തിക്കുന്നുവെന്ന നയതന്ത്ര വൃത്തങ്ങളിലെ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
അതിനിടെ, പ്രധാനമന്ത്രി മോദിയുമായി താന്‍ കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി പ്രസിഡന്റ് ട്രംപും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.’അനധികൃത കുടിയേറ്റക്കാരെ’ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ ‘ശരിയായത്’ ചെയ്യുമെന്ന് പറഞ്ഞു.
യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായി വിശ്വസിക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ യുഎസ് സന്ദര്‍ശനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു, അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച നാലാമത് ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
കൂടാതെ, ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലിയെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. വാഷിംഗ്ടണ്‍ ഡിസിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കറാണ് പങ്കെടുത്തത്.
ഇരു നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എങ്ങനെ കൂടുതല്‍ വികസിപ്പിക്കാം, ആഴത്തിലാക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.
പ്രസ്താവന പ്രകാരം പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിനുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടന്നു.