സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം തീരുവ ഏർപ്പെടുത്താൻ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഷാംപെയിനും വൈനിനും 200 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാൻസ്, യൂറോപ്യൻ യൂണിയനുകള്‍ക്കാണ് ട്രംപ് താക്കീത് നല്‍കിയിരിക്കുന്നത്.

യു.എസ്. വിസ്കികള്‍ക്ക് യൂറോപ്യൻ യൂണിയൻ 50 ശതമാനം തീരുവ ഈടാക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയാണ് ട്രംപ് ഈ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും ശത്രുതാപരമായ നികുതി സംവിധാനമാണ് യൂറോപ്യൻ യൂണിയൻ സ്വീകരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയെ മുതലെടുക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് യൂറോപ്യൻ യൂണിയൻ വിസ്കിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ തീരുവ ഉടൻ പിൻവലിച്ചില്ലെങ്കില്‍ ഫ്രാൻസില്‍നിന്നും യൂറോപ്യൻ യൂണിയനുകളില്‍ നിന്നുമെത്തുന്ന മദ്യ ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ഏർപ്പെടുത്തും. യു.എസിലെ വൈൻ, ഷാംപെയിൻ ബിസിനസിന് ഇത് ഗുണകരമായിരിക്കുമെന്നും ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിവുകെട്ട നേതൃത്വത്തിന്റെ ഭരണത്തില്‍ അമേരിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ അപഹരിച്ചെടുത്ത സ്വത്ത് ഞങ്ങള്‍ തിരിച്ചുപിടിക്കാൻ തുടങ്ങുകയാണെന്ന് ബുധനാഴ്ചയാണ് ട്രംപ് പറഞ്ഞത്. ഈ നീക്കത്തിന്റെ ആദ്യ ഇരകളായാണ് യൂറോപ്പിനെയും കാനഡയേയും അദ്ദേഹം വിശേഷിപ്പിച്ചത്.

കൈവിട്ടുപോയ പല കമ്ബനികളും ഞങ്ങള്‍ ഇത്തരത്തില്‍ തിരിച്ചുപിടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.

അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന അതേ തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് സ്വീകരിച്ചിട്ടുള്ള നയം. ഏപ്രില്‍ രണ്ട് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയതിനുള്ള തിരിച്ചടിയായാണ് തീരുവ വർധിപ്പിച്ചത്.

ഇതിനുപുറമെ, യു.എസ്. പാലുത്പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവ അങ്ങേയറ്റം കർഷക വിരുദ്ധമാണെന്നും, ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാൻ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ടുമുതല്‍ ഗണ്യമായി വർധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.

X
Top