ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.
യു.എ.ഇയിലേക്കും ഒമാനിലേക്കുമുള്ള കടന്നു വരവിന് പിന്നാലെയാണ് സൗദിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപമിറക്കാന്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ എത്തുന്നത്. വാണിജ്യ നഗരമായ ജിദ്ദയില്‍ ലക്ഷ്വറി സൗകര്യങ്ങളോടെ ട്രംപ് ടവര്‍ നിര്‍മിക്കുമെന്ന് കമ്പനി അറിയിച്ചു.
റിയാദില്‍ രണ്ട് ടവറുകള്‍ക്കും പദ്ധതിയുണ്ട്. സൗദിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ ദാര്‍ ഗ്ലോബലുമായി (Dar Global) ചേര്‍ന്നാണ് ടവറുകള്‍ നിര്‍മിക്കുക. ഇതോടെ ജി.സി.സി രാജ്യങ്ങളില്‍ ട്രംപ് ഓര്‍ഗനൈസേഷന്റെ സാന്നിധ്യം കൂടുതല്‍ വ്യാപിക്കും.
ലക്ഷ്വറി പ്രോപ്പര്‍ട്ടികളില്‍ പാലിക്കുന്ന ട്രംപ് സ്റ്റാൻഡേർഡ് ജി.സി.സി രാജ്യങ്ങള്‍ക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡൊണാള്‍ഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപ് പറഞ്ഞു.
കമ്പനിയുടെ സാന്നിധ്യം ജി.സി.സി രാജ്യങ്ങളില്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ദാര്‍ ഗ്ലോബലുമായുള്ള സഹകരണം ദീര്‍ഘകാലത്തേക്ക് ആകുമെന്നും എറിക് ട്രംപ് പറഞ്ഞു. ജിദ്ദയില്‍ നിര്‍മിക്കുന്ന ട്രംപ് ടവര്‍ ആഢംബരത്തിന്റെ അന്താരാഷ്ട്ര നിലവാരങ്ങള്‍ പുലര്‍ത്തുന്നതാകുമെന്നും എറിക് കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഓര്‍ഗനൈസേഷനുമായുള്ള സഹകരണം സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ദാര്‍ ഗ്ലോബല്‍ സി.ഇ.ഒ സിയാദ് അല്‍ ചാര്‍ (Ziad El-Chaar)വ്യക്തമാക്കി. വിദേശ നിക്ഷേകരും ടൂറിസ്റ്റുകളും സൗദി നഗരങ്ങളില്‍ കൂടുതലായി എത്താന്‍ ഈ പദ്ധതികള്‍ സഹായിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് റിയാദില്‍ രണ്ട് ടവറുകള്‍ നിര്‍മിക്കുമെന്ന് ദാര്‍ ഗ്ലോബല്‍ എക്‌സില്‍ അറിയിച്ചു. ഇരുകമ്പനികളും ദുബൈയില്‍ ലക്ഷ്വറി ടവര്‍ നിര്‍മിക്കാന്‍ ജൂലൈയില്‍ കരാറുണ്ടാക്കിയിരുന്നു. ഹോട്ടല്‍, ലക്ഷ്വറി റസിഡന്‍ഷ്യല്‍ യുണിറ്റുകള്‍ എന്നിവയാണ് ദുബൈയിലെ ടവറില്‍ ഒരുക്കുന്നത്.
ഒമാനില്‍ ഇരു കമ്പനികളും ചേര്‍ന്നുള്ള ട്രംപ് ടവര്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ദാര്‍ ഗ്ലോബലിന് നിലവില്‍ യു.എ.ഇ, ഒമാന്‍, ഖത്തര്‍, യു.കെ, സ്‌പെയിന്‍, ബോസ്‌നിയ എന്നീ രാജ്യങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുണ്ട്.