ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾ ഉറ്റുനോക്കി അമേരിക്ക. സമ്പന്ന രാജ്യമൊക്കെയാണെങ്കിലും, ഉയർന്ന വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും ഒക്കെ അമേരിക്കയിലെ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്.
എന്നാൽ പെട്ടെന്ന് സ്വീകിക്കുന്ന നികുതി വെട്ടിക്കുറക്കലുകൾ ഉൾപ്പെടെയുള്ള ട്രംപിൻ്റെ നയങ്ങൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഡൊണാൾഡ് ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾ അമേരിക്കക്കാർക്ക് തന്നെ തലവേദനയാകുമോ എന്നൊരു പേടി സാധാരണക്കാർക്കിടയിലുണ്ട്. ഹോം ലോൺ പലിശ കുത്തനെ ഉയരുകയാണ്.. 30 വർഷത്തെ ഭവന വായ്പകൾക്ക് ഏകദേശം 6.8-7 ശതമാനമാണ് പുതുക്കിയ പലിശ.
ദീർഘകാല വായ്പകളുടെ നിരക്ക് ഏഴു ശതമാനം വരെയായി ഉയരുന്നതിന് പിന്നിൽ അമേരിക്കയിലെ പണപ്പെരുപ്പമാണ്. പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പമാണ് വായ്പാ പലിശ കുതിക്കാൻ കാരണമായിരിക്കുന്നത്. ഇത് രാജ്യത്തെ ഞെട്ടിക്കുന്ന ഒരു പ്രധാന മാറ്റത്തിൻ്റെ തുടക്കമാണോ എന്ന അമ്പരപ്പിലാണ് ജനങ്ങൾ.
കോർപ്പേറ്റ് നികുതി വെട്ടിക്കുറയ്ക്കാൻ ട്രംപ് ശ്രമം തുടർന്നാൽ പിന്നെയും ലക്ഷക്കണക്കിന് ഡോളറിൻ്റെ കടബാധ്യതയുണ്ടാകും. ഈ നഷ്ടം ഏതെങ്കിലുമൊക്കെ വഴിയേ നികത്തണമല്ലോ? ഇതിന് ശ്രമങ്ങൾ ഉണ്ടാകും.
അമേരിക്കയിലെ സാധാരണക്കാർ ഭയന്നത് പോലെ തന്നെ സംഭവിക്കാം. ജീവിതച്ചെലവുകളും പ്രാരാബ്ദങ്ങളും വീണ്ടും ഉയരാം. പണപ്പെരുപ്പം കുറയുമോ എന്നതും കണ്ടറിയണം.അതേസമയം ഫെഡറൽ റിസർവ് വ്യാഴാഴ്ച പലിശ നിരക്ക് കാൽ പോയിൻ്റ് കുറച്ചിട്ടുണ്ട്.
ട്രംപിൻ്റെ തിരഞ്ഞെടുപ്പ് സെൻട്രൽ ബാങ്കിൻ്റെ നയങ്ങളിൽ പെട്ടെന്ന് ഒരു മാറ്റവും ഉണ്ടാക്കില്ലെന്നാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്.
നികുതിയിളവുകൾ നൽകേണ്ടിടത്ത് നൽകുകയും താരിഫുകൾ ഏർപ്പെടുത്തുകയും ചെയ്ത് പണപ്പെരുപ്പം നേരിടുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ എല്ലാം നികുതി കുത്തനെ ഉയരാം.
പ്രതീക്ഷയോടെ ഇന്ത്യ
അതേസമയം ട്രംപ് അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിൽ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളെക്കുറിച്ച് ആശങ്കയില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
നികുതി വർധനയെക്കുറിച്ച് ആശങ്കയില്ലെന്നും ചൈനയുടെ തീരുവകൾ വർധിപ്പിച്ചാൽ ഇന്ത്യക്ക് ഗുണമാകുമെന്നും അദ്ദേഹം സൂചന നൽകി.
അതുപോലെ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് കുറക്കുന്നത് ഇന്ത്യക്കും പരിഗണിക്കേണ്ടി വരും.
ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ പോലെയുള്ള ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ നികുതി കുറയ്ക്കേണ്ടി വരും.
ഇന്ത്യയിലെ ഇറക്കുമതിക്കുള്ള നികുതി നിരക്കുകൾ ഉയർന്നതാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ഇന്ത്യ തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുമായി വ്യാപാര ബന്ധത്തിന് ട്രംപിന് ആഗ്രഹമുണ്ടെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.