
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യാപാര പങ്കാളികളായ രാജ്യങ്ങളോട് പ്രഖ്യാപിച്ച ‘താരിഫ് യുദ്ധം’ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ വളർച്ചയ്ക്കുള്ള അവസരമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.
ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് യുഎസ് 27% തീരുവ ചുമത്തിയിട്ടുണ്ടെങ്കിലും മറ്റ് പ്രധാന വസ്ത്ര കയറ്റുമതി രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.
വിയറ്റ്നാം, ബംഗ്ലാദേശ്, ചൈന തുടങ്ങിയ ഇന്ത്യയുടെ പ്രധാന എതിരാളികളായ വസ്ത്രകയറ്റുമതി രാജ്യങ്ങള്‍ക്ക് കൂടുതൽ ഉയര്‍ന്ന താരിഫാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്‍റെ പ്രഖ്യാപനമനുസരിച്ച് വിയറ്റ്നാമിൽ നിന്നുള്ള ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് 46%, ബംഗ്ലാദേശിന് 37%, ചൈനയ്ക്ക് 34% എന്നിങ്ങനെ താരിഫ് ചുമത്തും.
ചൈനയ്ക്ക് നിലവിലുള്ള 20% താരിഫിന് പുറമെയാണിത്; ഫലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 54% നികുതി വരും. 2024-ലെ കണക്കുകള്‍ പ്രകാരം, അമേരിക്കയിലേക്കുള്ള വസ്ത്ര ഇറക്കുമതിയില്‍ 30% ചൈനയില്‍ നിന്നായിരുന്നു.
13% വിഹിതവുമായി വിയറ്റ്നാം ആണ് രണ്ടാം സ്ഥാനത്ത്. 8% വിഹിതവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. 9.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങളാണ് യുഎസിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. യുഎസിലേക്കുള്ള ടെക്സ്റ്റൈൽ കയറ്റുമതിയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് അടുത്തകാലത്ത് പിന്നിലേക്ക് പോയിരുന്നു.
ട്രംപിന്റെ താരിഫ് വർധനയെ വലിയ കുതിപ്പിനുള്ള ഇന്ധനമാക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ മുൻനിര വസ്ത്ര നിർമ്മാണ കയറ്റുമതിക്കാരായ കിറ്റക്സ്. കുട്ടിയുടുപ്പുകളുടെ, ലോകത്തെ ഏറ്റവും വലിയ നിർമ്മാതാക്കളിലൊന്നായ കിറ്റക്സ് വൻതോതിലുള്ള വിപുലീകരണ പ്രവർത്തനങ്ങളിലാണ്.
കമ്പനിയുടെ വാറങ്കലിലെ പുതിയ പ്ലാന്റില്‍ ഉല്‍പാദനം ആരംഭിച്ചതോടെ 25000 ജീവനക്കാരെയാകും പുതുതായി നിയമിക്കുക.
വാറങ്കലില്‍ 3400 കോടി മുതല്‍മുടക്കിലാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പുതിയ പ്‌ളാൻ്റ് ആരംഭിച്ചത്. സീതാറാം പൂരിലെ അടുത്ത പ്ലാന്റിലേക്കും വൈകാതെ ഇത്രതന്നെ തൊഴിലാളികളെ വേണ്ടിവരും.
പുതുതായി നിയമിക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകൾ അടക്കമുള്ള തയ്യല്‍ ജോലിക്കാരാവും. ഇതിന് പുറമെ എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്മാരെയും കമ്പനി റിക്രൂട്ട് ചെയ്യുന്നുണ്ട്.
തെലുങ്കാനയിലെ രണ്ട് പ്ലാന്റുകള്‍ ദിവസവും 22.6 ലക്ഷം വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുമെന്ന് കിറ്റക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് വ്യക്തമാക്കി. കേരളത്തില്‍ നിലവില്‍ പ്രതിദിനം ഒന്‍പത് ലക്ഷം വസ്ത്രങ്ങളാണ് നിര്‍മ്മിച്ചിരുന്നത്.
ഓഹരി വിപണിയിലും കിറ്റക്സ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12% ത്തിലധികം വർധനയാണ് ഓഹരി വിലയിൽ ഉണ്ടായത്.