വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ട്രംപിന്റെ താരിഫ് യുദ്ധം: ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാന്‍ ആപ്പിള്‍

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ ആഗോള സമ്പദ് വ്യവസ്ഥകളിലാകെ അനിശ്ചിതാവസ്ഥ പടര്‍ത്തിയിരിക്കുകയാണ്. യുഎസ് ടെക് വമ്പനായ ആപ്പിളിനും ഈ താരിഫുകള്‍ വന്‍ തിരിച്ചടിയായിട്ടുണ്ട്.

ആപ്പിളിന്റെ പ്രധാന കരാര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ ചൈനയുടെ മേല്‍ 34% താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 20% താരിഫും 10% അടിസ്ഥാന താരിഫും കൂടി ചേര്‍ത്താല്‍ ചൈനയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് ഫലത്തില്‍ 64% താരിഫാണ്.

34% പ്രതികാര താരിഫുമായാണ് ബെയ്ജിംഗ് ട്രംപിന്റെ നീക്കത്തോട് പ്രതികരിച്ചത്. ഇത് അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ 50% താരിഫ് കൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നു.

അമേരിക്കന്‍ കമ്പനിയാണെന്നൊന്നും അവകാശപ്പെട്ടിട്ട് കാര്യമില്ല. ചൈനയില്‍ നിന്ന് യുഎസിലേക്ക് ആപ്പിള്‍ കയറ്റിയയക്കുന്ന ഫോണുകള്‍ക്കും മറ്റ് ഗാഡ്ജറ്റുകള്‍ക്കും ഈ വന്‍ നികുതി ബാധകമാവും.

നിലവില്‍ 550 ഡോളറാണ് ആപ്പിള്‍ ഐ ഫോണിന്റെ ഹാര്‍ഡ്‌വെയറിന്റെ ചെലവ്. ചൈനക്ക് മേല്‍ അടിച്ചേല്‍പ്പിച്ച താരിഫുകള്‍ കൂടി ബാധകമാവുന്നതോടെ ഇത് 850 ഡോളറായി ഉയരും. ആനുപാതികമായി വിലയിലും സാരമായ വര്‍ധനവുണ്ടാകും.

ഏകദേശം 43% വരെ. ചുരുക്കത്തില്‍ ആപ്പിള്‍ ഫോണുകള്‍ വിപണിയില്‍ വിലയുടെ കാര്യത്തില്‍ തീരെ അനാകര്‍ഷകമാവും.

നിലവില്‍ യുഎസില്‍ വിറ്റഴിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ആപ്പിള്‍ ഫോണ്‍, ഐഫോണ്‍ 16 ആണ്. 799 ഡോളറാണ് ഇതിന്റെ വില. 1142 ഡോളറിലേക്ക് ഇതിന്റെ വില ഉയരുമെന്നാണ് കണക്കാക്കുന്നത്.

1599 ഡോളറിന് വില്‍ക്കുന്ന ചൈനീസ് നിര്‍മിത ആപ്പിള്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1599 ഡോളറാണ് നിലവിലെ വില. ഇത് 2300 ഡോളറിലേക്ക് ഉയര്‍ന്നേക്കും.

ഈ സാഹചര്യം മറികടക്കാനുള്ള ആലോചനയാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയുടെ മേല്‍ താരതമ്യേന കുറഞ്ഞ 27% താരിഫാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. പ്രതികാര താരിഫുമായി ട്രംപിനെ പ്രകോപിപ്പിക്കാന്‍ ഇന്ത്യ നീങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പകരം താരിഫ് കുറയ്‌ക്കാന്‍ യുഎസുമായി തന്ത്രപരമായ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. താരിഫ് ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്ന് അനുമാനിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിലേക്ക് ഉല്‍പ്പാദനത്തിന്റെ നല്ലൊരു ശതമാനം മാറ്റാന്‍ ആപ്പിള്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധിതമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഫോക്‌സ്‌കോണും ടാറ്റ ഗ്രൂപ്പുമാണ് ഇന്ത്യയില്‍ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കള്‍.

യുഎസിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഉല്‍പ്പാദനത്തിലും വിതരണ ശൃംഖലയിലും കാര്യമായ പുരോഗതി ഈ കമ്പനികള്‍ കൈവരിക്കേണ്ടി വരും. ട്രംപിന്റെ താരിഫ് യുദ്ധം ഇത്തരത്തില്‍ ചില മേഖലകളില്‍ ഇന്ത്യക്ക് മികച്ച അവസരങ്ങളും ഒരുക്കിത്തരുന്നുണ്ട്.

X
Top