മുംബൈ: 2.25 കോടി രൂപയ്ക്ക് ജിടിഐഡി സൊല്യൂഷൻസ് ഡെവലപ്‌മെന്റിന്റെ ബിസിനസ്, ബൗദ്ധിക സ്വത്തവകാശം എന്നിവ ഏറ്റെടുക്കാൻ ഒരുങ്ങി പ്രമുഖ ഹാർഡ്‌വെയർ, ഉപകരണ സ്ഥാപനമായ ടിവിഎസ് ഇലക്‌ട്രോണിക്‌സ്. ഇതിനായി കമ്പനി ജിടിഐഡി സൊല്യൂഷൻസ് ഡെവലപ്‌മെന്റുമായി ബിസിനസ് ട്രാൻസ്ഫർ കരാറിൽ ഏർപ്പെട്ടു.
ജിടിഐഡി സൊല്യൂഷൻസ് ഡെവലപ്‌മെന്റിന്റെ ബിസിനസ്, ഐപി അവകാശങ്ങൾ എന്നിവ സ്വന്തമാക്കാനായി ടിവിഎസ് ഇലക്‌ട്രോണിക്‌സ് 2.25 കോടി രൂപയാണ് ചെലവിടുന്നത്. ഈ കരാറിലൂടെ മൊബൈൽ പിഒഎസ് സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകളിലേക്കും പ്രാമാണീകരണ സൊല്യൂഷൻ മേഖലയിലേക്കും ടിവിഎസ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.
കൂടാതെ ഇതിലൂടെ റീട്ടെയിൽ, ബാങ്കുകൾ, സർക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യമായ ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ എന്നിവയ്‌ക്കൊപ്പം ഹാർഡ്‌വെയറും കമ്പനി വാഗ്ദാനം ചെയ്യും.
ഒരു പ്രമുഖ ട്രാൻസാക്ഷൻ ഓട്ടോമേഷൻ ഐടി ഉൽപ്പന്ന നിർമ്മാതാവും സേവന ദാതാവുമാണ് ടിവിഎസ് ഇലക്‌ട്രോണിക്‌സ്. കമ്പനി കഴിഞ്ഞ ജൂൺ പാദത്തിൽ 3.80 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. ടിവിഎസ് ഇലക്‌ട്രോണിക്‌സിന്റെ ഓഹരികൾ 2.90 ശതമാനം ഉയർന്ന് 253 രൂപയിലെത്തി.