സിലിക്കൺവാലി: ട്വിറ്റർ ഇനി എക്സ് കോർപ് എന്ന പേരിൽ അറിയപ്പെടും. മസ്കിൻെറ തന്നെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയിൽ ട്വിറ്റർ ലയിച്ചതായി മസ്ക്. അതേസമയം ട്വിറ്റർ അടച്ചുപൂട്ടുമോ എന്ന ചോദ്യത്തിന് വ്യക്തതയില്ല.
മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൻെറ പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടില്ലെന്നും എലൻ മസ്കിന് മറ്റ് പദ്ധതികളുണ്ടെന്നുമാണ് സൂചന.
എന്തായാലും ട്വിറ്റർ എന്ന പേര് ഇപ്പോൾ നിലവിലില്ലെന്ന് കോടതി ഫയലിംഗിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മസ്‌കിൻെറ മറ്റൊരു കമ്പനിയായ എക്‌സ് കോർപ്പറേഷൻ തന്നെയാണ് ട്വിറ്റർ ഏറ്റെടുത്തിരിക്കുന്നത്.
സ്റ്റേറ്റ്സ്മാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് ആദ്യം പുറത്ത് വിട്ടത്. അടുത്ത ഘട്ടത്തിൽ, ആപ്പിൻെറ പൂർണമായ പേരുമാറ്റം ഉൾപ്പെടെ പ്രഖ്യാപിച്ചേക്കും.
അതേസമയം ട്വിറ്റർ മുൻ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ള മൂന്ന് ജീലനക്കാർ ട്വിറ്ററിനെതിരെ കേസ് നൽകി. നിയമപരമായ അവകാശങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി സാമൂഹ്യ സുരക്ഷാ വകുപ്പിനെയാണ് സമീപിക്കുക.
ട്വിറ്റർ 10 ലക്ഷം ഡോളറിലധികം നഷ്ടപരിഹാരം നൽകണമെന്നാണ് ആരോപണം.. പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ ട്വിറ്ററിലേക്ക് കത്തെഴുതിയെങ്കിലും കാര്യമായ പ്രതികരണം ഒന്നുമില്ലാത്തതാണ് നിയമപരമായി നേരിടാൻ കാരണം.
കഴിഞ്ഞ ഒക്ടബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, അഗർവാൾ ഉൾപ്പെടെയുള്ള ചില ജീവനക്കാരെ ഉടൻ തന്നെ പുറത്താക്കിയിരുന്നു. ആ സമയത്തെ ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഈ എക്സിക്യൂട്ടീവുകൾക്ക് 10 കോടി ഡോളറിലധികമാണ് പാക്കേജ് ഉണ്ട്.
മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ ഒന്നിലധികം കേസുകൾ നേരിടുന്നുണ്ട്. മതിയായ അറിയിപ്പില്ലാതെ കമ്പനി തങ്ങളെ പിരിച്ചുവിട്ടതായി ആരോപിച്ച് മുൻ ജീവനക്കാരും കരാറുകാരും പരാതി നൽകിയിട്ടുണ്ട്. കമ്പനി കൃത്യസമയത്ത് ബില്ലുകൾ അടച്ചില്ലെന്ന് ആരോപിച്ച് നിരവധി വെണ്ടർമാരും കേസുകൾ നൽകുന്നുണ്ട്.
അടുത്തിടെ ട്വിറ്റർ വെബ് ലോഗോ മാറ്റിയിരുന്നു.. ഡോഷ്കോയിൻ എന്ന ക്രിപ്റ്റോയുടെ ലോഗോ ആയ ശിബ ഇനു നായക്കുട്ടിയുടെ മുഖമാണ് വെബ് ലോഗോയായി പരീക്ഷിച്ചത്.
എന്നാൽ പിന്നീട് നീലക്കിളി തന്നെ ട്വിറ്റർ ലോഗോയായി മസ്ക് പുനസ്ഥാപിച്ചിരുന്നു.