സാൻഫ്രാൻസിസ്കോ: സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നൽകാതെ ഇലോൺ മസ്‌ക്. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശം നൽകി കമ്പനി. മുൻപ് സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്സിന്റെ വാടകയും നല്കാൻ മാസ്ക് തയ്യാറായിരുന്നില്ല.
സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്സിന്റെ വാടക നൽകാത്തതിനാൽ കെട്ടിട ഉടമ പരാതി നൽകിയിരുന്നു. ഏകദേശം 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക.
ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്. സിംഗപ്പൂരിൽ ക്യാപിറ്റഗ്രീന്‍ ബില്‍ഡിംഗില്‍ ആയിരുന്നു ട്വിറ്ററിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ ട്വിറ്ററിന്റെ ആസ്ഥാനമാണ് സിംഗപ്പൂര്‍ ഓഫീസ്.
വീട്ടിലിരുന്ന് ജോലി ചെയ്യനുള്ള തീരുമാനം ട്വിറ്റർ ജീവനക്കാരെ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വാടക നൽകാത്തതിനാൽ സിംഗപ്പൂരിലെ ട്വിറ്റര്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
ഹാര്‍ട്ട്ഫോര്‍ഡ് ബില്‍ഡിംഗിലെ 30-ാം നിലയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. വാടക നല്‍കിയില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഡിസംബര്‍ 16ന് അവസാനിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമ ട്വിറ്റർ മേധാവിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ വാടക കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തൊഴിലാളികള്‍ക്ക് എല്ലാസമയവും ജോലി ചെയ്യാന്‍ സഹായകമാകുമെന്ന് പറഞ്ഞ് ഓഫീസ് റൂമുകള്‍ കിടപ്പുമുറികളായി മാറ്റിയ മസ്‌കിന്റെ നടപടിയും ഏറെ വിവാദത്തിലായിരുന്നു. ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇവിടത്തെ ജീവനക്കാരോട് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോർക്കിലെ പല ഓഫീസുകളിലെയും ക്ലീനർമാരെയും സെക്യൂരിറ്റി ഗാർഡുകളെയും മസ്ക് പിരിച്ചുവിട്ടു.
ജീവനക്കാരോട് മാത്രമല്ല സന്ദർശകരോടും മസ്‌ക് പെരുമാറുന്നത് സംബന്ധിച്ച് പരാതികളുണ്ട്. എന്നാല്‍ ഇവയോട് മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.