അബുദാബി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമെന്ന പദവി യുഎഇ നിലനിർത്തി. ഇറക്കുമതിയിൽ മൂന്നാം സ്ഥാനവുമുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-23 സാമ്പത്തിക വർഷത്തിൽ യുഎസിലേക്കാണ് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തത്.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 6% ഉയർന്നു. ഈ കാലയളവിൽ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി നെതർലൻഡ്സ് മൂന്നാം സ്ഥാനത്തെത്തി.
ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്താണ് നെതർലൻഡ്സ് സ്ഥാനം മെച്ചപ്പെടുത്താൻ സഹായകമായത്. ഇറക്കുമതിയിൽ ചൈന ഒന്നാം സ്ഥാനത്തും റഷ്യ രണ്ടാം സ്ഥാനത്തുമാണ്.
ജിസിസി രാജ്യങ്ങളിൽ യുഎഇക്കു പുറമേ സൗദി അറേബ്യ മാത്രമാണ് ഇന്ത്യയുടെ മുൻനിര കയറ്റുമതി പട്ടികയിൽ ഇടംപിടിച്ചത്. കയറ്റുമതിയിൽ എട്ടാം സ്ഥാനത്തും ഇറക്കുമതിയിൽ അഞ്ചാം സ്ഥാനത്തുമാണ് സൗദി അറേബ്യ.
ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പുവച്ച ശേഷം 2022-23 സാമ്പത്തിക വർഷത്തിൽ യുഎഇയിലേക്കുള്ള കയറ്റുമതി 3200 കോടി യുഎസ് ഡോളറിൽ എത്തി. മുൻ വർഷത്തെക്കാൾ 14% വർധന.
2016-17ൽ യുഎഇയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 3120 കോടി ഡോളറിൽ എത്തിയിരുന്നു. 2022 ജൂണിനും 2023 ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യ-യുഎഇ കയറ്റുമതി 10.4% ഉയർന്ന് 2303 കോടി യുഎസ് ഡോളറിൽ എത്തിയിരുന്നു.
ഇതേ കാലയളവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 1736 കോടി യുഎസ് ഡോളറായിരുന്നു. മുൻ വർഷത്തെക്കാൾ 6.5% വർധനയുണ്ട്.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയിൽ 4.2% ഇടിവ് രേഖപ്പെടുത്തിയ അവസരത്തിലാണ് യുഎഇയിലേക്കുള്ള കയറ്റുമതി വർധിച്ചത്.
ഇതേകാലയളവിൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതി 12.9% വർധിച്ച് 3895 യുഎസ് ഡോളറിലെത്തി. 2022 മേയ് 1 മുതൽ പ്രാബല്യത്തിൽ വന്ന സെപ കരാർ കയറ്റുമതിയും ഇറക്കുമതിയും കൂടാൻ സഹായിച്ചു.
രത്‌നങ്ങൾ, ആഭരണങ്ങൾ, മെഷിനറികൾ, ഇലക്ട്രിക്കൽ/മെക്കാനിക്കൽ ഉപകരണങ്ങൾ, കാപ്പി, ചായ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, മനുഷ്യനിർമിത നാരുകൾ, പഴം, പച്ചക്കറികൾ, കയർ, പുകയില ഉൽപന്നങ്ങൾ തുടങ്ങി 80% ഉൽപന്നങ്ങളുടെയും കസ്റ്റംസ് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തതും ക്രയവിക്രയത്തിൽ വൻ ചലനമുണ്ടാക്കിയിരുന്നു.