
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യൂകോ ബാങ്ക് 1862 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
മാർച്ച് 31ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 4340 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് മാർച്ച് 31 വരെ 16.14 ശതമാനം വളർച്ച നേടി 4,10,967.19 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 2.70 ശതമാനത്തിൽ നിന്ന് 1.29 ശതമാനമായി കുറഞ്ഞു.
അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിൽ ഉണ്ടായ ഗണ്യമായ വർദ്ധനയാണ് അറ്റാദായം കുത്തനെ ഉയരാൻ കാരണമായതെന്ന് ബാങ്കിന്റെ എം.ഡി.യും സിഇഒയുമായ സോമ ശങ്കര പ്രസാദ് അറിയിച്ചു.
മാർച്ച് പാദത്തിൽ ബാങ്ക് ഓരോ മേഖലയിലും മികച്ച വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം യൂകോ ബാങ്ക് കേരളത്തിൽ ആറ് പുതിയ ശാഖകൾ ഉൾപ്പെടെ അഖിലേന്ത്യാ തലത്തിൽ 200 പുതിയ ശാഖകൾ തുറന്നിട്ടുണ്ട്.