2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കും

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ ഈ വര്‍ഷം തന്നെ ഒപ്പിട്ടേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചകളില്‍ വലിയ പുരോഗതി കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി20 ഉച്ചകോടിക്കിടെ ഒരു വാര്‍ത്താ ഏജന്‍സിക്കുനല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമഗ്രവും മികവുറ്റതുമായ ഒരു കരാര്‍ സാധ്യമാകുന്നത് കാണാന്‍ ഞാനും പ്രധാനമന്ത്രി മോദിയും ആഗ്രഹിക്കുന്നു’, സുനക് പറഞ്ഞു.

കരാര്‍ അന്തിമമാക്കുന്നതിനായി ഇരു രാജ്യങ്ങളും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കരാര്‍ സാധ്യമായാല്‍ ഇന്ത്യയ്ക്കും യുകെയ്ക്കും വലിയ അവസരങ്ങളാണ് മുന്നില്‍ തുറന്നുകിട്ടുക. ഇത് ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം, റോഡ്മാപ്പ് 2030, സമ്പദ്വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ഹരിത സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി തുടങ്ങിയ മേഖലകളിലെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഋഷി സുനകും നേരത്തെ വിലയിരുത്തിയിരുന്നു.

ഇരു നേതാക്കളും പ്രാധാന്യവും പരസ്പര താല്‍പ്പര്യവുമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകളുടെ പുരോഗതിയും അവര്‍ അവലോകനം ചെയ്തു.

ബാക്കിയുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരഹരിക്കപ്പെടുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സന്തുലിതവും പരസ്പര പ്രയോജനകരവും മുന്നോട്ടുള്ളതുമായ ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി ഉടന്‍ സാധ്യമാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

യുകെയുമായുള്ള എഫ്ടിഎ സംബന്ധിച്ച് ഇതുവരെ 13 റൗണ്ട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. 2022-23 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2036 കോടി ഡോളറിലെത്തിയിട്ടുണ്ട്. 2020-21ല്‍ ഇത് 1750 കോടി ഡോളറിന്റേതായിരുന്നു.

എഫ്ടിഎ സംബന്ധിച്ച് കൂടുതല്‍ വിശധമായ ചര്‍ച്ചക്കായി പരസ്പരം സൗകര്യപ്രദമായ തീയതിയില്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സുനക്കിനെ ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സുനക് ക്ഷണം സ്വീകരിക്കുകയും വിജയകരമായ ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ചെയ്തതായി പ്രസ്താവന പറയുന്നു.

X
Top