മുംബൈ: ഇന്ത്യയിലെ പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബർഗർ പെയിന്റ്‌സിന്റെ 50.092 ശതമാനം ഓഹരികൾ യുകെ പെയിന്റ്‌സ് (ഇന്ത്യ) ഏറ്റെടുത്തതായി റിപ്പോർട്ട്. വാർത്താ ചാനലായ സിഎൻബിസി-ടിവി 18 ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയാണ് യുകെ പെയിന്റ്‌സ് (ഇന്ത്യ) കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 മാർച്ചിൽ, ജിബിഎസ് ധിംഗ്ര ഫാമിലി ട്രസ്റ്റ് ബെർഗർ പെയിന്റ്സിന്റെ 1,30,00,000 ഓഹരികൾ വിറ്റിരുന്നു. ആ സമയത്ത് യുകെ പെയിന്റ്സ് ഇന്ത്യയാണ് കമ്പനിയുടെ 1,30,00,000 ഓഹരികളും ഏറ്റെടുത്തത്.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ബർഗർ പെയിന്റ്‌സ് ഇന്ത്യ 219.51 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി. ഒപ്പം അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്ന് കമ്പനിക്ക് ലഭിച്ച വരുമാനം 2,670.9 കോടി രൂപയാണ്, ഇത് ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ നേടിയ 2,225 കോടി രൂപയിൽ നിന്ന് 20 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.