ലണ്ടൻ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യുകെയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
ബിസിനസ് ആന്റ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളോടുള്ള തന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ സമീപനം വിശദീകരിച്ചു. ഇത് ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശനം നല്‍കുകയും ജോലികള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിക്കും.
മികച്ച ഉടമ്പടികള്‍ സാധ്യമാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവണ്‍മെന്റിന്റെ വ്യാവസായിക തന്ത്രവുമായി യോജിച്ച്, സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കുകയും നെറ്റ് സീറോ അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വ്യാപാര തന്ത്രം പ്രസിദ്ധീകരിക്കാനും പദ്ധതിയിടുന്നതായി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് (ഡിബിടി) പറഞ്ഞു.
ശക്തമായ സമ്പദ്വ്യവസ്ഥക്കായി വിദേശ വ്യാപാരം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി അന്താരാഷ്ട്ര പങ്കാളികളുമായുള്ള വ്യാപാര ചര്‍ച്ചകളുമായി മുന്നോട്ട് പോകും. ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിലേക്ക് കരാറുകള്‍ ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് പ്രവേശനം നല്‍കും. അതിനായി സര്‍ക്കാര്‍ എത്രയും വേഗം ചര്‍ച്ചകള്‍ ആരംഭിക്കും. അതുവഴി രാജ്യത്തുടനീളമുള്ള ജോലികളെ പിന്തുണയ്ക്കാനും സാധിക്കും.
ഇന്ത്യയും യുകെയും 2022 ജനുവരിയില്‍ അന്നത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഗവണ്‍മെന്റിന്റെ കീഴില്‍ ഒരു എഫ്ടിഎ ചര്‍ച്ച ആരംഭിച്ചു, അതിനുശേഷം 13 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
യുകെ സ്വതന്ത്ര വ്യാപാര കരാറും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും ചര്‍ച്ച ചെയ്യുന്ന ഇന്ത്യ, 2027-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വ്യാപാര കരാര്‍ യുകെ ബിസിനസുകള്‍ക്ക് മധ്യവര്‍ഗ ഉപഭോക്താക്കളുടെ വളര്‍ന്നുവരുന്ന വിപണിയിലേക്ക് മികച്ച പ്രവേശനം നല്‍കും.
സാമ്പത്തിക, ആഗോള സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പുതിയ സര്‍ക്കാര്‍ അതിവേഗം നീങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യുകെയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നിക്ഷേപകരില്‍ ഒരാളെന്ന നിലയില്‍, ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും ടാറ്റ ഗ്രൂപ്പ് പിന്തുണയ്ക്കുന്നു.
ഇന്ത്യയെക്കൂടാതെ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി), ഇസ്രായേല്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി എന്നിവരുമായി വ്യാപാര ഇടപാടുകള്‍ നടത്താന്‍ യുകെ ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.