
ലണ്ടൻ: കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020ൽ ബ്രിട്ടീഷ് സമ്പദ്‌വളർച്ച കൂപ്പുകുത്തിയത് 311 വർഷത്തെ താഴ്‌ചയിലെന്ന് റിപ്പോർട്ട്. നെഗറ്റീവ് 11 ശതമാനം വളർച്ചയാണ് 2020ൽ ബ്രിട്ടൻ കുറിച്ചതെന്ന് നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (ഒ.എൻ.എസ്) വ്യക്തമാക്കി. 1709ന് ശേഷമുള്ള ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ടും ചൂണ്ടിക്കാട്ടി.
കണക്കുകളും വിവരങ്ങളും കിട്ടുന്നമുറയ്ക്ക് ബ്രിട്ടൻ ഓരോവർഷത്തെയും വളർച്ചാനിരക്ക് പുതുക്കാറുണ്ട്. ഇത്തരത്തിൽ 2020ലെ കണക്ക് പരിഷ്‌കരിച്ചതോടെയാണ് വളർച്ചാനിരക്ക് 311 വർഷത്തെ താഴ്ചയിലെത്തിയത്. ലോകത്ത് ഏതെങ്കിലും രാജ്യം കുറിച്ച ഏറ്റവും വലിയ വീഴ്ചയും ബ്രിട്ടന്റേതാണ്.
ജി7 രാജ്യങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയുമാണിത്. നെഗറ്റീവ് 10.8 ശതമാനം വളർച്ച സ്‌പെയിനാണ് തൊട്ടുപിന്നാലെയുള്ളത്. ബ്രിട്ടന്റെ 2021ലെ വളർച്ചാക്കണക്ക് ഒ.എൻ.എസ് വൈകാതെ പുറത്തുവിടും.