
മുംബൈ: കമ്പനിയുടെ ഉത്തർപ്രദേശിലെ ഡല്ല സിമന്റ് പ്ലാന്റിന്റെ 1.3 എംടിപിഎ വിപുലീകരണം പൂർത്തിയാക്കിയതായി അറിയിച്ച് ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ അൾട്രാടെക് സിമന്റ്. വിപുലീകരണം പൂർത്തിയായതോടെ പ്ലാന്റിന്റെ ഉൽപ്പാദനശേഷി 1.8 എംടിപിഎ ആയി ഉയർന്നു.
2020 ഡിസംബറിൽ പ്രഖ്യാപിച്ച ശേഷി വിപുലീകരണത്തിന്റെ ആദ്യ ഘട്ടമാണിതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ പുതിയ കമ്മീഷൻ ചെയ്യലോടെ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം സിമന്റ് ഉൽപ്പാദന ശേഷി ഇപ്പോൾ 115.85 എംടിപിഎ ആയി വർധിച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ സിമന്റ് കമ്പനിയായ അൾട്രാടെക് സിമന്റ് ലോകത്തിലെ മൂന്നാമത്തെ വലിയ സിമന്റ് ഉൽപ്പാദകനാണ്.
ഏകീകൃത അടിസ്ഥാനത്തിൽ കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.99 ശതമാനം ഇടിഞ്ഞ് 1,584 കോടി രൂപയായി കുറഞ്ഞിരുന്നു. തിങ്കളാഴ്ച അൾട്രാടെക് സിമന്റിന്റെ ഓഹരികൾ 0.10 ശതമാനം ഉയർന്ന് 6523.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.