
ന്യൂയോർക്ക്: 2024ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ആഭ്യന്തര ഡിമാൻഡ് ഉയരുന്നതാണ് ഉയർന്ന വളർച്ച പ്രതീക്ഷിക്കാനുള്ള കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വർഷം 5.3 ശതമാനം വളർച്ച കൈവരിക്കും. അതേസമയം ഉയർന്ന പലിശനിരക്കും പുറത്തുനിന്നുള്ള ഡിമാൻഡ് കുറവും കയറ്റുമതിയെയും രാജ്യത്തേക്കുള്ള നിക്ഷേപത്തെയും ബാധിക്കും. വിലക്കയറ്റത്തോത് 5.5 ശതമാനമായിരിക്കും.
ചൈന 5.3 ശതമാനം വളർച്ച നേടുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ആഗോളതലത്തിൽ 2.3 ശതമാനം വളർച്ചയാണ് യുഎൻ അർധവാർഷിക റിപ്പോർട്ട് പ്രതീക്ഷിക്കുന്നത്. യുഎസിന് 1.1 ശതമാനവും യൂറോപ്പിന് 0.9 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യ തിളങ്ങുന്ന രാജ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.