ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍, അണ്‍അകാഡമി അതിന്റെ നാലാമത്തെ റൗണ്ട് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. 12 ശതമാനം അഥവാ 380 ജീവനക്കാര്‍ക്ക് ഇതോടെ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങേണ്ടിവരും. നവംബറില്‍ 10 ശതമാനം അഥവാ 350 പേര്‍ക്ക് സ്ഥാപനം നോട്ടീസ് നല്‍കിയിരുന്നു.
ഇതോടെ ജീവനക്കാരുടെ എണ്ണം 6000 ത്തില്‍ നിന്നും 3000 ത്തില്‍ താഴെയായി കുറഞ്ഞു. ഒരുവര്‍ഷത്തിനിടയിലാണ് ഈ മാറ്റം. ബിസിനസ് ലാഭകരമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
‘ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ടീമിന്റെ വലുപ്പം 12 ശതമാനം കുറയ്ക്കും. ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതില്‍ ഖേദിക്കുന്നു. മുന്നോട്ട് പോകേണ്ടതുണ്ട്,’ അണ്‍അകാഡമി സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജല്‍ കുറിപ്പില്‍ പറഞ്ഞു.
പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് നോട്ടീസ് കാലയളവിന് തുല്യമായ പിരിച്ചുവിടല്‍ തുകയും ഒരു മാസത്തെ അധിക ശമ്പളവും നല്‍കുമെന്ന് മുഞ്ജല്‍ അറിയിക്കുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്തവര്‍ക്ക് ആനുകൂല്യമായി കമ്പനി ഓഹരി പങ്കാളിത്തവും ആറ് മാസത്തേയ്ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സും ലഭ്യമാക്കും.
സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള സ്ഥാപനമാണ് അണ്‍അകാഡമി.