ന്യൂഡല്‍ഹി: ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ മാത്രമേ പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാധിക്കൂവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മഹാമാരിയും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നതാണ് കാരണം.
ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ടോളറന്‍സ് പരിധിയ്ക്ക് പുറത്തായതിനാല്‍ നിര്‍ബന്ധിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നിരുന്നാലും പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്, ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പ്രതിമാസ ബുള്ളറ്റിനില്‍ പറഞ്ഞു.
ടോളറന്‍സ് പരിധിയിലേയ്ക്ക് പണപ്പെരുപ്പത്തെ കൊണ്ടുവരിക, പിന്നീട് പകുതിയായി അതിനെ കുറയ്ക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഭൗമ രാഷ്ട്രീയ ആഘാതങ്ങള്‍ പ്രക്രിയയെ തടസ്സപ്പെടുത്തുകയാണ്. സെപ്തംബറില്‍ 5 മാസത്തെ ഉയരമായ 7.41 ലെത്തിയ പണപ്പെരുപ്പം വരുമാസങ്ങളില്‍ കുറയുമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പത്ര ഉള്‍പ്പെടുന്ന സംഘം എഴുതിയ ലേഖനം പറയുന്നു.
അടിസ്ഥാനകണക്കുകളുടെ പിന്‍ബലത്തോടെയായിരിക്കും പണപ്പെരുപ്പം ലഘൂകരിക്കപ്പെടുക. 2023 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 6.7 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷം, 2024 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ലക്ഷ്യത്തോട് അടുത്ത് 5 ശതമാനമായി കുറയും. 4 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ രണ്ട് വര്‍ഷത്തെ സമയപരിധിയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കിയിരിക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് ഇതിനോടകം തയ്യാറായിട്ടുണ്ട്. നിലവില്‍ 5.9 ഉള്ള റിപ്പോനിരക്ക് മാര്‍ച്ച് 2023 ഓടെ 6.5 ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.