
ന്യൂഡല്‍ഹി: 1 ബില്യണിലേറെ മൂല്യമുള്ള എച്ച്ആര്‍ ടെക് കമ്പനി ഡാര്‍വിന്‍ബോക്‌സ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ന് ഒരുങ്ങുന്നു. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ ഇതിനായി കരട് രേഖകള്‍ സമര്‍പ്പിക്കുമെന്ന് സഹ-സ്ഥാപകന്‍ രോഹിത് ചെന്നാമനേനി പറഞ്ഞു. ആഗോള തലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനാഗ്രഹിക്കുന്നതായും കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ലാഭം നേടുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയ്ക്ക് പുറമെ യു.എസ്ദക്ഷിണ പടിഞ്ഞാറന്‍ ഏഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ജനുവരിയില്‍ 72 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചതോടെ 1 ബില്യണ്‍ മൂല്യമുള്ള യുണികോണാകാനും സാധിച്ചു.
കമ്പനിയുടെ ആഗോള ഹെഡ്ക്വാര്‍ട്ടറിന്റെ ഉദ്ഘാടനം ഹൈദരാബാദില്‍ ഈയിടെ നടന്നിരുന്നു. 30 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈയ്യാളുമ്പോള്‍ ടിസിവി, സെയ്ല്‍സ് ഫോഴ്‌സ് വെഞ്ച്വേഴ്‌സ്, സീക്വോയിഎ, ലൈറ്റ് സ്പീഡ്, എന്‍ഡിയ പാര്‍ട്ട്‌നേഴ്‌സ് എന്നിവ ബാക്കിയുള്ള ഭാഗം കൈവശം വയ്ക്കുന്നു.