Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ: കരാർ 3 വർഷം വൈകിയതോടെ ടിസിഎസ് പിൻവാങ്ങുന്നു

തിരുവനന്തപുരം: സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ്‌വെയറിന്റെ കീഴിൽ കൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാരുമായി കരാറിൽ വരെയെത്തിയ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) പിൻവാങ്ങുന്നു.

3 വർഷമായിട്ടും കരാറിൽ തീരുമാനമാകാത്തതിനാൽ അന്നത്തെ കരാർ തുകയ്ക്ക് ഇനി സാധിക്കില്ലെന്നാണു കമ്പനി നിലപാടെന്നാണു വിവരം. പിൻവാങ്ങുന്നതായി കാണിച്ച് കമ്പനി സഹകരണ റജിസ്ട്രാർക്ക് കത്ത് നൽകി. 206 കോടി രൂപയ്ക്കായിരുന്നു 3 വർഷം മുൻപു തുടങ്ങിയ ചർച്ചകൾക്കൊടുവിൽ തീരുമാനമായത്.

കരാറിലേക്കു പോകുന്ന അന്തിമ നടപടി വരെയെത്തിയിട്ടും സഹകരണ റജിസ്ട്രാർമാർ ഒപ്പിടാൻ മടികാണിച്ചു. 3 വർഷം മുൻപ് ഉദ്യോഗസ്ഥതലത്തിൽ തട്ടിക്കളിച്ച് ഒടുവിൽ തീരുമാനത്തിനായി മന്ത്രി വി.എൻ.വാസവൻ മന്ത്രിസഭയിൽ വച്ചാണു കരാറിന് അനുമതി വാങ്ങിയത്.

ആദ്യം 60 കോടി രൂപയും, പിന്നീട് 6 വർഷമായി വാടകയായി ബാക്കി തുകയും നൽകേണ്ടിയിരുന്നു. ഇതിനായി സഹകരണ സംഘങ്ങൾ തന്നെ തുക നൽകുന്നതായിരുന്നു രീതി.

കേന്ദ്രസർക്കാരിന്റെ ഏകീകൃത സോഫ്റ്റ്‌വെയറിൽ ഉൾപ്പെട്ടാൽ കേരളത്തിന്റെ എല്ലാ ഡേറ്റയും കേന്ദ്രസർക്കാരിനു കാണാനാകുമെന്ന പേടിയിലാണു കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയറിനെ വെട്ടി സ്വന്തം നിലയ്ക്ക് സോഫ്റ്റ്‌വെയറിലേക്കു സംസ്ഥാനം പോയത്.

ക്ലൗഡ് വാടകയും മറ്റും കൂടിയെന്നും ഇപ്പോഴത്തെ തുകയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നുമാണ് ടിസിഎസ് വാദമെന്നാണു സൂചന. വകുപ്പിന്റെ ആവശ്യമനുസരിച്ച് സോഫ്റ്റ്‌വെയറിൽ വരുത്തുന്ന മാറ്റങ്ങൾക്കു കമ്പനി പണം ആവശ്യപ്പെട്ടെന്നും പണം നൽകിയാൽ അതിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കു വേണമെന്നും വകുപ്പ് നിലപാടെടുത്തു. ഇതിലാണു തർക്കമെന്നാണു വകുപ്പിന്റെ വാദം.

സിപിഎമ്മിനെയും സഹകരണ മേഖലയെയും പ്രതിസന്ധിയിലാക്കിയ കരുവന്നൂർ ബാങ്ക് ഇടപാടുകൾ ആരുമറിയാതെ പോയത് ബാങ്ക് പ്രാദേശികമായി വാങ്ങിയ സോഫ്റ്റ്‌വെയറിൽ കൃത്രിമത്വം കാണിച്ച് തട്ടിപ്പ് നടത്തിയതിനാലാണ്.

ഓഡിറ്റർമാർക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ബാങ്കുകൾ സ്വന്തം നിലയ്ക്ക് സോഫ്റ്റ്‌വെയറുകളിൽ തട്ടിപ്പ് നടത്തുന്നു. ഏകീകൃത സോഫ്റ്റ്‌വെയർ ഇല്ലാത്തതിനാൽ ഓഡിറ്റിൽ പോലും സുതാര്യതയില്ലാത്ത സ്ഥിതിയാണ്.

എല്ലാ ബാങ്കുകളും സ്വന്തം സോഫ്റ്റ്‌വെയറുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ ഓഡിറ്റിങ് സംഘത്തെ കാണിക്കാത്ത ഡേറ്റ ഉണ്ടെന്നാണു പരാതി.

X
Top