മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

ഇന്ത്യ മുഴുവൻ സ്വർണത്തിന് ഏകീകൃത വില വരുന്നു

കൊച്ചി: സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വ്യാപാരികൾക്കും ഒരുപോലെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയിൽ നിലനിൽക്കുന്ന വ്യത്യസ്ത വില. കേരളത്തിൽ പോലും ഓരോ കടയിലും ചിലപ്പോൾ ഓരോ വിലയായിരിക്കും. ഇത് വിപണിയിലെ കിടമത്സരങ്ങൾക്കും വഴിവച്ചിരുന്നു.

എന്നാൽ, ഇനി ആശങ്ക വേണ്ട. വിലയിലെ ഈ ‘കൺഫ്യൂഷൻ’ വൈകാതെ ഇല്ലാതായേക്കും. സ്വർണാഭരണങ്ങൾക്ക് രാജ്യമെമ്പാടും ഏകീകൃത വില ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് അസോസിയേഷനുകൾ.

എറണാകുളത്ത് ചേർന്ന ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. നിലവിൽ മൂന്ന് ശതമാനം ജിഎസ്ടി, 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം സെസ് എന്നിങ്ങനെ ദേശീയതലത്തിൽ ഒറ്റ നികുതിയാണെങ്കിലും ഓരോ സംസ്ഥാനത്തും സ്വർണാഭരണങ്ങൾക്ക് വ്യത്യസ്ത വിലയാണുള്ളത്.

ഭീമ ജുവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് (AKGSMA) കേരളത്തിൽ കാലങ്ങളായി എല്ലാദിവസവും സ്വർണവില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുടെ മൂല്യം, 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക്, മുംബൈ വിപണിയിലെ സ്വർണവില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും വില നിർണയം.

ഡോ.ബി. ഗോവിന്ദന് പുറമേ എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽ നാസർ എന്നിവരാണ് വില നിർണയ സമിതിയിലുള്ളത്.

ഇടക്കാലത്ത് എകെജിഎസ്എംഎയ്ക്ക് പുറമേ, ജസ്റ്റിൻ പാലത്ര നയിക്കുന്ന ‘എകെജിഎസ്എംഎ’ എന്ന അസോസിയേഷനും വില നിർണയത്തിലേക്ക് കടന്നിരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ മാർച്ച് 17ന് എകെജിഎസ്എംഎ നിശ്ചയിച്ച ഗ്രാം വില 6,060 രൂപയായിരുന്നു.

എന്നാൽ, ജസ്റ്റിൻ പാലത്ര നയിക്കുന്ന എകെജിഎസ്എംഎ തീരുമാനിച്ച വിലയാകട്ടെ 6,025 രൂപയും. മറ്റ് ചില അസോസിയേഷനുകളും സ്വന്തം നിലയ്ക്ക് വില നിർണയത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വില സംബന്ധിച്ച തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും വിപണിയിലെ അനാരോഗ്യകരമായ പ്രവണതകൾക്ക് തടയിടാനുമാണ് രാജ്യമെമ്പാടും ഏകീകൃത വില നിശ്ചയിക്കാൻ അസോസിയേഷനുകൾ ഒരുങ്ങുന്നത്.

നിലവിൽ എം.പി. അഹമ്മദ് നയിക്കുന്ന പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും സ്വർണത്തിന് ഒരേവിലയാണുള്ളത്. ഇതേ മാതൃകയാവും മറ്റ് ജുവലറികളും തുടരുക. അതോടെ, ഓരോ സംസ്ഥാനത്തും വ്യത്യസ്തവില എന്ന നിലവിലെ രീതി മാറും.

ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സയ്യാം മെഹറ, വൈസ് ചെയർമാൻ രാജേഷ് റോക്കടെ, മുൻ ചെയർമാൻ നിതിൻ കണ്ടേൽവാൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, ഭീമ ജുവലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, കല്യാൺ ജുവലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ, ചുങ്കത്ത് ജുവലറി മാനേജിങ് ഡയറക്ടർ രാജീവ് പോൾ, ഹൈദരാബാദ് അസോസിയേഷൻ പ്രസിഡൻറ് അവിനാഷ് ഗുപ്ത, എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൽ നാസർ തുടങ്ങിയവരാണ് യോഗത്തിൽ സംബന്ധിച്ചത്.

ഏകീകൃത വില നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് എറണാകുളത്ത് നടന്നത്. മുംബൈ വിപണിയിലെ വില അല്ലെങ്കിൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന ബാങ്ക് റേറ്റ്, ഇതിലേത് പിന്തുടരണം എന്നത് സംബന്ധിച്ചാണ് ചർച്ച.

സെപ്റ്റംബറിൽ മുംബൈയിൽ നടക്കുന്ന തുടർചർച്ചയിൽ ഏകീകൃത വില നിർണയ സംവിധാനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.

X
Top