മുംബൈ : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഡിജിറ്റൽ പരിവർത്തന പദ്ധതിയായ ‘സംഭവ്’-ന്റെ ഭാഗമായി, കിസാൻ ക്രെഡിറ്റ് കാർഡിന്റെ കർഷക കേന്ദ്രീകൃത എൻഡ്-ടു-എൻഡ് ഡിജിറ്റലൈസേഷൻ പ്രഖ്യാപിച്ചു. കെസിസി വായ്പാ പ്രക്രിയയെ കൂടുതൽ കാര്യക്ഷമവും കർഷക സൗഹൃദവുമാക്കി മാറ്റുക എന്നതാണ് ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.
നേരിട്ട് ബാങ്ക് ശാഖ സന്ദർശിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളും സമർപ്പിക്കൽ, കെസിസി ലഭിക്കുന്നതിനുള്ള ദീർഘമായ കാലയളവ് തുടങ്ങി കർഷകർ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗനിർദേശപ്രകാരം റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബുമായി (ആർബിഐഎച്ച്) സഹകരിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കുന്ന ഒരു ഫിൻടെക് സംരംഭമാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഡിജിറ്റലൈസേഷൻ
ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ മധ്യപ്രദേശിലെ ഹർദ ജില്ലയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ശ്രീമതി എ മണിമേഖലൈ തുടക്കം കുറിച്ച പരിപാടിയിൽ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബിന്റെ (ആർബിഐഎച്ച്) ചീഫ് പ്രൊഡക്റ്റ് മാനേജർ രാകേഷ് രഞ്ജനും യൂണിയൻ ബാങ്ക് സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങളും ഒപ്പം ഹർദ ജില്ലയിലെ 400-ലധികം കർഷകരും പങ്കെടുത്തു. ഇവരെ കൂടാതെ ഹർദ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ ഋഷി ഗാർഗും അദ്ദേഹത്തിന്റെ ടീമും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. പൈലറ്റ് പ്രൊജക്റ്റ് അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ, മധ്യപ്രദേശിലെ മറ്റ് ജില്ലകളിലേക്കും ക്രമേണ രാജ്യത്തുടനീളവും കെസിസി വായ്പയുടെ ഡിജിറ്റലൈസേഷൻ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട് .
ഉദ്ഘാടന ചടങ്ങിൽ, ഗ്രാമീണ വായ്പാ പദ്ധതികളുടെ ഒരു പരിവർത്തനമെന്ന നിലയിൽ കെസിസിയുടെ ഡിജിറ്റലൈസേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി എ മണിമേഖലൈ സംസാരിച്ചു. മൊബൈൽ ഹാൻഡ്സെറ്റിലൂടെ നേരിട്ട് വായ്പാ സംബന്ധമായ നടപടികൾ ആരംഭിക്കുന്നതിൽ കെസിസിയുടെ ഡിജിറ്റലൈസേഷന്റെ നേട്ടങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. രേഖ സമർപ്പിക്കേണ്ടതില്ല. കൃഷിഭൂമി പരിശോധന ഓൺലൈനായി നടത്തും. രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ അനുമതിയും വിതരണവും പൂർത്തിയാകുമ്പോൾ ടേൺ എറൗണ്ട് ടൈം (ടിഎടി) കുറയുകയും കർഷകർക്ക് അവരുടെ വിലപ്പെട്ട സമയം ലാഭിക്കാനാകുകയും ചെയ്യുന്നു.