മുംബൈ: ബാങ്കിന്റെ ശാഖകൾ വഴി മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി എൽഐസി മ്യൂച്വൽ ഫണ്ടുമായി കരാർ ഒപ്പിട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.
ബാങ്ക് തേർഡ് പാർട്ടി വരുമാനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും, കൂടാതെ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് പങ്കാളികളുമായി ചേർന്ന് തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കുന്നതായും യൂണിയൻ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
എൽഐസി മ്യൂച്വൽ ഫണ്ടുമായുള്ള പങ്കാളിത്തം തങ്ങളുടെ ഗ്രാമങ്ങളിലെയും അർദ്ധ നഗര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ വാഗ്‌ദാനം ചെയ്യാൻ തങ്ങളെ പ്രാപ്തരാക്കുന്നതായി യൂണിയൻ ബാങ്ക് ജിഎം സഞ്ജയ് നാരായൺ പറഞ്ഞു. അതേസമയം മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് എൽഐസി മ്യൂച്വൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ ടി.എസ്.രാമകൃഷ്ണൻ പറഞ്ഞു.
8,729 ശാഖകളുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബിസിനസ് വോള്യങ്ങളുടെ കാര്യത്തിൽ നാലാമത്തെ വലിയ പൊതുമേഖല ബാങ്കാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ബിസിനസ് 2022 സെപ്റ്റംബറിൽ 18 ട്രില്യൺ കവിഞ്ഞു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും പഴയതും മുൻനിരയിലുള്ളതുമായ മ്യൂച്വൽ ഫണ്ടുകളിൽ ഒന്നാണ് 1989 ഏപ്രിൽ 20-ന് എൽഐസി സ്ഥാപിച്ച എൽഐസി മ്യൂച്വൽ ഫണ്ട് (എൽഐസിഎംഎഫ്).