ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രഖ്യാപനങ്ങളും മാത്രം നടത്തി രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രോഗ്രസ് കാർഡും പ്രകടനപത്രികയുമായിരുന്നു ബജറ്റിന്റെ ഉള്ളടക്കം.
57 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിൽ അധികസമയവും സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറയാനാണ് ധനമന്ത്രി ശ്രദ്ധിച്ചത്. വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയായിരുന്നു ധനമന്ത്രിയുടെ ആറാമത്തെ ബജറ്റ് അവതരണം.
2024ലും എൻഡിഎ സർക്കാർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും നിർമല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പലിശ നിരക്ക് ഉയർത്തിയില്ല എന്നത് മാത്രമാണ് ഇടത്തരക്കാർക്ക് ആശ്വാസമായത്. സാധാരണക്കാർക്ക് ഗുണമുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക 6000-ത്തിൽ നിന്നു 9,000 ആയി വർധിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ധന വില കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ അതുമുണ്ടായില്ല. അതിനിടെ ഇന്ന് രാവിലെ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾക്ക് 15 രൂപ വർധിപ്പിക്കുക കൂടി ചെയ്തു.
പ്രധാന നേട്ടങ്ങൾ
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർഥ്യമാക്കി.
രാജ്യത്തിന്റെ അമൃത്കാലത്തിനായി സര്‍ക്കാര്‍ പ്രയത്നിച്ചു.
കാര്‍ഷിക മേഖലയില്‍ ആധുനികവത്കരണം നടത്തി.
25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി.
2047-ഓടെ ഇന്ത്യയെ വിക്ഷിത് ഭാരത് ആക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഇരട്ടിയാക്കി.
എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും റെക്കോർഡ് സമയത്താണ് നിർമ്മിച്ചിരിക്കുന്നത്.
സർവതോന്മുഖമായ വികസനത്തിന്റെ സ്വാധീനം എല്ലാ മേഖലകളിലും ദൃശ്യമാണ്.ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു.
- സർക്കാർ “ഭരണം, വികസനം, പ്രകടനം” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
- ഉന്നതവിദ്യാഭ്യാസത്തിൽ സ്ത്രീ പ്രവേശനം 10 വർഷത്തിനുള്ളിൽ 28 ശതമാനം വർധിച്ചു.
- ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവകലാശാലകൾ തുടങ്ങി.
- പ്രധാനമന്ത്രി ഫസൽ ബീമാ യോജന നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകുന്നു.
- 2013-14 മുതൽ സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയായി.
- പ്രധാനമന്ത്രി കിസാൻ സമ്പത്ത് യോജന 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.
- മുത്തലാഖ് നിയമവിരുദ്ധമാക്കി.
- തൊഴിലിടത്തിൽ സ്ത്രീ പങ്കാളിത്തം കൂട്ടാന്‍ കഴിഞ്ഞു.
- വനിതാ സംരഭകര്‍ക്കായി 30 കോടി മുദ്രാവായ്പകള്‍ നല്കി.
- ആളോഹരി വരുമാനത്തിൽ 50 ശതമാനം വർധനവുണ്ടായി.
- പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി.
- 1,361 ഗ്രാമീണ ചന്തകൾ നവീകരിച്ചു.
- പ്രഖ്യാപനങ്ങൾ
- പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും.
- വ്യോമഗതാഗത മേഖല വിപുലീകരിക്കും.
- ഇ – വാഹനരംഗം വിപുലമാക്കും.
- സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും.
- ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.
- അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർഥ്യമാക്കും
- ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും.
- അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ നിർമിക്കും
- കൂടുതൽ മെഡിക്കൽ കോളജുകൾ രാജ്യത്ത് യാഥാർഥ്യമാക്കും.
- വന്ദേഭാരത് ട്രെയിന്റെ നിലവാരത്തിൽ 40,000 ബോഗികൾ നിർമിക്കും.
- കൂടുതൽ വിമാനത്താവളങ്ങൾ യാഥാർഥ്യമാക്കും
- അഞ്ച് സംയോജിത അക്വാ പാർക്കുകൾ സ്ഥാപിക്കും
- ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ എല്ലാ ആശാ, അങ്കണവാടി ജീവനക്കാരിലേക്കും വ്യാപിപ്പിക്കും.