തിരുവനന്തപുരം: ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനും പ്രാദേശികതലത്തിൽ ബാങ്കിങ് (Banking) സേവനം മെച്ചപ്പെടുത്താനും വില്ലേജുതലത്തിൽ വായ്‌പേതര സഹകരണ സംഘങ്ങൾക്കും(cooperative societies)
ബാങ്കിങ് പ്രവർത്തനത്തിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ.
ബാങ്കിങ് കറസ്‌പോണ്ടന്റ് എന്നനിലയിലാണ് വലിയ മാറ്റത്തിന് വഴിതുറക്കുന്ന അനുമതി നൽകുക.
സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്‌പോണ്ടന്റായി കാർഷിക അനുബന്ധമേഖലകളിലായി പ്രവർത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിർദേശം. ക്ഷീരസംഘങ്ങൾക്കടക്കം അനുമതി ലഭിക്കും.
തൊഴിലാളികളും സാധാരണക്കാരുമായ ഒട്ടേറെപ്പേരാണ് സഹകരണസംഘങ്ങളിലെ അംഗങ്ങൾ. സർക്കാർ പദ്ധതികളുടെ സഹായം, സബ്‌സിഡി എന്നിവയെല്ലാം നേരിട്ട് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിൻവലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റംനടത്തുക, ഓൺലൈൻ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ് സേവനങ്ങൾക്കുള്ള അനുമതിയാണ് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ലഭിക്കുക.
സംസ്ഥാനത്ത് കേരളബാങ്കിനാണ് ഈ സേവനം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകാനാകുന്നത്. ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകൾക്ക് ആറ്് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സഹകരണസംഘം രജിസ്ട്രാർക്ക് കീഴിൽ 12,241 പ്രാഥമിക സഹകരണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്ഷീരവകുപ്പിനുകീഴിൽ 3370 സംഘങ്ങളുമുണ്ട്. 653 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുമുണ്ട്.
നിലവിൽ പ്രാഥമിക സഹകരണബാങ്കുകളാണ് വില്ലേജുതലത്തിൽ ബാങ്കിങ് സേവനം നൽകുന്നത്. വായ്‌പേതര സഹകരണസംഘങ്ങൾ കേരളബാങ്കിലെ അംഗങ്ങളല്ല. അതിനാൽ, ഇവയെ ബാങ്കിങ് ശൃംഖലയുടെ ഭാഗമാക്കണമോയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാകും.
ബാങ്കിനുള്ള ആറ് നിബന്ധനകൾ
- റിസർവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകൾക്ക് മാത്രമാണ് ബിസിനസ് കറസ്‌പോണ്ടന്റായി സംഘങ്ങളെ നിശ്ചയിക്കാനാകുക.
- ഈ ബാങ്കുകൾ കോർബാങ്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാകണം.
- മൂലധന പര്യാപ്തത ഒൻപത് ശതമാനത്തിന് മുകളിലായിരിക്കണം.
- ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി പത്തുശതമാനത്തിൽ താഴെയായിരിക്കണം.
- നിലവിലെ സാമ്പത്തികവർഷത്തിൽ കാഷ് റിസർവ് റേഷ്യോ, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നിവ പാലിക്കുന്നതിൽ വീഴ്ചയുണ്ടാകരുത്.
- ബാങ്ക് അറ്റലാഭത്തിലായിരിക്കണം.