മുംബൈ: രൂപയിലുള്ള വ്യാപാരത്തിന് സ്വീകാര്യത കുറയുന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പോലുള്ള മൂന്നാം രാജ്യങ്ങളിലൂടെ ചരക്ക് വഴിതിരിച്ചുവിടുകയാണ് ഇന്ത്യയും റഷ്യയും. ഇതുവഴി രൂപ, റൂബിള്‍, ഡോളര്‍ ഇതര കറന്‍സി ഇടപാടുകള്‍ സാധ്യമാക്കുന്നു.
“‘ വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെങ്കിലും രൂപയിലുള്ള വ്യാപാരം പരിമിതമാണ്. രൂപ, റൂബിള്‍,ഡോളര്‍ ഇതര കറന്‍സികളില്‍ ഇടപാടുകള്‍ തീര്‍ക്കുന്നതിന് വ്യാപാര പങ്കാളികള്‍ മൂന്നാം രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നു,”ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥിരത പുലര്‍ത്തുന്ന യുഎഇ ദിര്‍ഹത്തിലൂടെ വ്യാപാരം നടത്താനാണ് നീക്കം.
പാശ്ചാത്യരാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് റഷ്യ വ്യാപാരത്തിനായി രൂപ തെരഞ്ഞെടുത്തത്. ഡോളറിലൂടെയുള്ള വ്യാപാരം അപ്രാപ്യമായതാണ് കാരണം. രൂപയിലുള്ള വ്യാപാരത്തിനായി വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറന്നെങ്കിലും സംവിധാനം ഇപ്പോഴും യൂറോയ്ക്കും ഡോളറിനും വിധേയമാണ്.
അതുകൊണ്ടുതന്നെ രൂപയിലുള്ള വ്യാപാരത്തിന് സങ്കീര്‍ണ്ണമായ ഇന്‍വോയ്‌സ് ക്രമീകരണങ്ങള്‍ വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും യുഎഇയിലേയ്ക്ക് വ്യാപാരം വഴി തിരിച്ചുവിടുന്നത്. ഡോളറുമായി ബന്ധിപ്പിക്കപ്പെട്ട കറന്‍സിയെന്ന നിലയില്‍ ദിര്‍ഹത്തിലൂടെയുള്ള വ്യാപാരം സുഗമമാണ്.
രൂപയില്‍ വ്യാപാരം നടത്താനുള്ള താല്‍പര്യം ക്രമേണ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.