മുംബൈ: റോണി സ്‌ക്രൂവാലയുടെ എഡ്‌ടെക് സ്റ്റാർട്ടപ്പായ അപ്‌ഗ്രേഡ് 2022 സാമ്പത്തിക വർഷത്തിൽ 626.61 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ട്ടം 211.1 കോടി രൂപയായിരുന്നു.
മൊത്തം ചിലവ് കുതിച്ചുയർന്നതിനാലാണ് നഷ്ട്ടം വർധിച്ചതെന്ന് അപ്‌ഗ്രേഡ് പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ചിലവിൽ ജീവനക്കാരുടെ ആനുകൂല്യ ചെലവ് ഏകദേശം 2.4 മടങ്ങ് വർദ്ധിച്ച് 383 കോടി രൂപയായതായി മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നു.
എന്നിരുന്നാലും, അപ്‌ഗ്രേഡിന്റെ 2022 സാമ്പത്തിക വർഷത്തിലെ വരുമാനം രണ്ട് മടങ്ങ് വർധിച്ച് 682.21 കോടി രൂപയായി ഉയർന്നു. കൂടാതെ ഒറ്റപ്പെട്ട അടിസ്ഥാനത്തിൽ, അപ്‌ഗ്രേഡിന്റെ മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 302.87 കോടി രൂപയിൽ നിന്ന് 519.39 കോടി രൂപയായി ഉയർന്നതായി ഫയലിംഗുകൾ വ്യക്തമാകുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള മൂന്ന് എഡ്‌ടെക് കമ്പനികളിലൊന്നാണ് റോണി സ്‌ക്രൂവാലയുടെ അപ്‌ഗ്രേഡ്. അവലോകന കാലയളവിൽ കമ്പനി 10-ലധികം ഏറ്റെടുക്കലുകളാണ് നടത്തിയത്. കൂടാതെ പുതിയ ബ്രാൻഡായ യുജിഡിഎക്‌സിന് കീഴിൽ 10 ആഗോള സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 30 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.