തട്ടുകടകൾ മുതൽ അത്യാഡംബര വസ്തുക്കൾ വിൽക്കുന്ന സ്റ്റോറുകളിൽ വരെ ഇപ്പോൾ യുപിഐ പേയ്മെന്റുകൾ സർവ സാധാരണം. അനുദിനം സ്വീകാര്യത വർധിപ്പിച്ച് മുന്നേറുകയാണ് ലളിതമായ ഈ തൽസമയ ഡിജിറ്റൽ പണമിടപാട് സംവിധാനം.
കുറഞ്ഞ തുകയുടെ യുപിഐ ഇടപാടുകൾക്കായി എൻപിസിഐ അവതരിപ്പിച്ച മറ്റൊരു സംവിധാനമാണ് യുപിഐ ലൈറ്റ്.
ഇപ്പോഴിതാ യുപിഐ ലൈറ്റിലും ഉപകാരപ്രദമായൊരു പുത്തൻ ഫീച്ചർ വരുന്നു. ഒക്ടോബർ 31 മുതൽ യുപിഐ ലൈറ്റ് ടോപ്-അപ്പ് സംവിധാനം നിലവിൽ വരുമെന്ന് എൻപിസിഐ അറിയിച്ചിട്ടുണ്ട്.
യുപിഐയിൽ 500 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കായുള്ള സൗകര്യമാണ് യുപിഐ ലൈറ്റ്. ഗൂഗിൾ പേ, ഫോൺപേ, പേയ്ടിഎം, ഭീം ആപ്പ് തുടങ്ങിയവയിൽ യുപിഐ ലൈറ്റ് സൗകര്യമുണ്ട്. ഇടപാടുകൾക്ക് പിൻ വേണ്ട എന്നതാണ് പ്രത്യേകത.
യുപിഐ ലൈറ്റ് വോലറ്റിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്കായി ഉപയോഗിക്കാനാകുക. പരമാവധി 2,000 രൂപ വോലറ്റിൽ സൂക്ഷിക്കാം. നിലവിൽ വോലറ്റിലെ പണംതീരുമ്പോൾ ഉപഭോക്താവ് വീണ്ടും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതിലേക്ക് ചേർക്കുകയാണ് വേണ്ടത്.
എന്നാൽ, ടോപ്-അപ്പ് സൗകര്യം വരുമ്പോൾ ഇത്തരത്തിൽ ഉപഭോക്താവ് വോലറ്റിൽ പണം നിറയ്ക്കേണ്ടതില്ല. ബാലൻസ് തീരുന്നമുറയ്ക്ക് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി വോലറ്റിൽ പണമെത്തും. അതായത്, ഓരോ തവണയും മാനുവലായി വോലറ്റ് നിറയ്ക്കേണ്ട.
എങ്ങനെ വോലറ്റ് നിറയും?
ടോപ്-അപ്പ് സൗകര്യം ഉപയോഗിച്ച് വോലറ്റ് നിറയ്ക്കേണ്ടത് എങ്ങനെയെന്ന് ഉപഭോക്താവിന് തന്നെ നിശ്ചയിക്കാം. ഉദാഹരണത്തിന് വോലറ്റിലെ ബാലൻസ് പൂജ്യമായ ശേഷം ഓട്ടോമാറ്റിക്കായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നിറയാൻ കാത്തിരിക്കേണ്ട.
പകരം, ബാലൻസ് 50 രൂപയോ 100 രൂപയോ ആകുമ്പോൾ തന്നെ വോലറ്റ് നിറയ്ക്കാനുള്ള സൗകര്യം സെറ്റ് ചെയ്തുവയ്ക്കാം.
അതായത് മിനിമം ബാലൻസ് 100 രൂപ എന്ന് നിങ്ങൾ സെറ്റ് ചെയ്തുവെന്നിരിക്കട്ടെ. നിങ്ങളുടെ യുപിഐ ലൈറ്റ് വോലറ്റിൽ ഇപ്പോൾ 2,000 രൂപയുണ്ടെന്നും കരുതുക. ഇതിലെ 1,900 രൂപയും ചെലവായി കഴിയുമ്പോൾ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വോലറ്റിലേക്ക് ഓട്ടോമാറ്റിക്കായി പണമെത്തും. റീലോഡ് ചെയ്യാനുള്ള തുകയും ഇത്തരത്തിൽ സെറ്റ് ചെയ്യാം.
പക്ഷേ, അത് പരമാവധി തുകയായ 2,000 രൂപ കവിയരുത്. ഒരു ദിവസം ഇത്തരത്തിൽ പരമാവധി 5 ടോപ്-അപ്പുകളേ അനുവദിക്കൂ.