ദില്ലി: യുപിഐ, റുപേ കാർഡ് സേവനങ്ങൾ ശ്രീലങ്കയിലും, മൗറീഷ്യസിലും ഇന്ന് മുതൽ ആരംഭിക്കും. ഈ സംവിധാനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മൂന്ന് രാഷ്ട്രത്തലവൻമാരും ചേർന്ന് ഓൺലൈനായി നിർവഹിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്, ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗേ എന്നിവർ സന്നിഹിതരായിരിക്കും.
കൂടുതൽ രാജ്യങ്ങളുമായി ഇന്ത്യക്ക് രൂപയിൽ വിനിമയം നടത്തുവാൻ ഇതോടെ സാധിക്കും. യുപിഐ സേവനങ്ങൾ ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ അടക്കമുള്ള അതിവേഗ ഇടപാടുകൾക്ക് സഹായകമാകും.
മൗറിഷ്യസിലെ റുപേ കാർഡ് സേവനങ്ങൾ വിർച്ച്വൽ കോൺഫറൻസിലുലെ ഉച്ചക്ക് 12 ന് ഉദ്ഘാടനം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നാഷണൽ പേയ്മെൻ്റ് കോർപ്പറേഷനാണ് റുപ്പേ കാർഡ് രൂപകൽപന ചെയ്തത്. മാസ്റ്റർ, വിസ കാർഡുകൾക്ക് സമാനമാണിത്. ഇൻസ്റ്റൻ്റ് പേയ്മെൻറുകൾ നിർവഹിക്കാൻ ഉപയോക്താക്കളെ ഇത് സഹായിക്കുന്നു.
ഗ്ലോബൽ കാർഡ് പേയ്മെൻറ് നെറ്റ്വർക്കിൽ റുപ്പേ കാർഡിനും സവിശേഷ സ്ഥാനം ഇപ്പോൾ ഉണ്ട്. കൂടുതൽ രാജ്യങ്ങൾ ഇത് അംഗീകരിച്ച് തുടങ്ങി. രൂപ കൂടുതൽ രാജ്യങ്ങൾക്ക് സ്വീകാര്യമായി മാറുകയും ചെയ്യുന്നു. ഷോപ്പുകൾ, എടിഎമ്മുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവക്ക് സ്വീകാര്യമായി മാറുകയുമാണ്.
ദുബയ് അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളുമായും, സിംഗപ്പൂർ തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുമായും രൂപയിലുള്ള വിനിമയം, റുപ്പേ കാർഡ്, യുപിഐ എന്നിവയിൽ ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വ്യാപാര, വാണിജ്യ മേഖലയിലെ മുന്നേറ്റത്തിന് ഇത് ഗുണകരമാകും.
ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം അസ്തമിക്കുന്ന സാഹചര്യം ഇന്ത്യ പ്രയോജനപ്പെടുത്തുകയാണ്.
ഇന്ത്യൻ സംരംഭകർ അവിടെ കൂടുതൽ സുപ്രധാന നിക്ഷേപ നീക്കങ്ങൾ നടത്തുകയാണ്. ശ്രീലങ്കയുമായുള്ള വാണിജ്യ പങ്കാളിത്തവും ഇന്ത്യ ഉയർത്തിയിട്ടുണ്ട്.
ലോകത്തെ വലിയ സമ്പദ്ഘടനകളിലൊന്നാകാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് രൂപ കൈവരിക്കുന്ന ശേഷിയും, സ്വാധീനവും നിർണായകമായിരിക്കും.
അതിനൊപ്പം പ്രധാനമാണ് ഡിജിറ്റൽ പേയ്മെൻറ് സംവിധാനത്തിന് ലഭിക്കുന്ന രാജ്യാന്തര സ്വാധീനം.