മുംബൈ: വളം ഉല്‍പ്പാദകരായ യുപിഎല്ലിന്റെ ഓഹരി വില 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 25 ശതമാനത്തിലേറെ ഇടിഞ്ഞു. സമീപകാലത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിയുന്ന ഓഹരി ബെയര്‍ തരംഗത്തിന്റെ പിടിയിലായാണ് കണക്കാക്കാറുള്ളത്.
2022 ഡിസംബറില്‍ 807 രൂപ വില രേഖപ്പെടത്തിയ യുപിഎല്‍ ഇന്ന് 605 രൂപ വരെ ഇടിഞ്ഞു. ഈയാഴ്‌ച ആദ്യമാണ് 2022 ജൂണ്‍ 23ന് രേഖപ്പെടുത്തിയ കുറഞ്ഞ വിലയായ 607 രൂപയില്‍ നിന്നും താഴേക്ക് യുപിഎല്‍ ഇടിഞ്ഞത്.
കഴിഞ്ഞ ഒരു മാസത്തിനിടെ യുപിഎല്‍ ഓഹരി വില 7.5 ശതമാനം ഇടിവാണ് നേരിട്ടത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 18 ശതമാനം നഷ്‌ടം രേഖപ്പെടുത്തുകയും ചെയ്‌തു. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നിരാശാജനകമായ പ്രവര്‍ത്തനമാണ് യുപിഎല്‍ കാഴ്‌ച വെച്ചത്.
ലാഭത്തില്‍ 81.1 ശതമാനം ഇടിവ് നേരിട്ടു. 166 കോടി രൂപയാണ് ലാഭം. ഇത് വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ലാഭമാണ്. 463 കോടി രൂപ ലാഭം കൈവരിക്കുമെന്നായിരുന്നു അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
വരുമാനത്തില്‍ 17.2 ശതമാനം ഇടിവാണുണ്ടായത്. 8,963 കോടി രൂപയാണ് വരുമാനം. 10,429കോടി രൂപ വരുമാനം കൈവരിക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. 2023-24ലെ പ്രതീക്ഷിത വരുമാനം കമ്പനി വെട്ടിക്കുറച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 1-5 ശതമാനം വളര്‍ച്ചയാണ് കമ്പനി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 6-10 ശതമാനമായിരുന്നു.
പ്രവര്‍ത്തന ലാഭത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 3-7 ശതമാനമാണ്. നേരത്തെ ഇത് 8-12 ശതമാനമായിരുന്നു.