
എറണാകുളം: ദേശീയ തലത്തിലുള്ള പുരസ്‌കാര നേട്ടത്തിൽ കൊച്ചി മെട്രോയും വാട്ടർ മെട്രോയും. 2023 ലെ അർബൻ ഇൻഫ്ര ബിസിനസ് ലീഡർഷിപ്പ് അവാർഡ് ആണ് കൊച്ചി മെട്രോയും വാട്ടർ മെട്രോയും കരസ്ഥമാക്കിയത്.
ഓപ്പറേഷൻസ് വിഭാഗത്തിന്‍റെ മികച്ച പ്രവർത്തനത്തിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുരസ്‌കാരത്തിന് അവർഹരായത്. യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികൾ, ഡിജിറ്റലൈസേഷനു വേണ്ടി ചെയ്‌ത നടപടികൾ എന്നിവയും കൊച്ചി മെട്രോയെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാന്‍ പരിഗണിച്ചു.
ജലഗതാഗത രംഗത്തെ നൂതന സംവിധാനം എന്ന വിഭാഗത്തിലാണ് കൊച്ചി വാട്ടർ മെട്രോ അവാർഡിന് അർഹമായത്. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ മാതൃകാപരമായ പദ്ധതിയാണെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.
ഡല്‍ഹിയിലെ ഇന്ത്യ ഇന്‍റർണാഷണൽ സെന്‍ററിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോയ്ക്ക് വേണ്ടി കെഎംആർഎൽ ചീഫ് ജനറൽ മാനേജർ എ മണികണ്‌ഠൻ പുരസ്‌കാരം ഏറ്റുവാങ്ങി.
അതേസമയം കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന ഭാഗത്തെ ജോലികൾ അന്തിമ ഘട്ടത്തിലെത്തി. എസ് എൻ ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 1.18 കിലോമീറ്ററിന്‍റെ നിർമാണമാണ് നിലവിൽ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.
സ്റ്റേഷന്‍റെയും വയഡക്റ്റിന്‍റെയും നിർമാണം പൂർത്തിയായി. സിഗ്നലിങ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ ട്രയൽ റൺ ഉടൻ ആരംഭിക്കും.
എസ് എൻ ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള പരീക്ഷണ ഓട്ടം തുടരുകയാണ്. മെയ് 2022 ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ സജീവമായത്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജങ്ഷന്‍ – തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 മീറ്റർ മേഖലയിലാണ്.
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്.
1.35 ലക്ഷം ചതുരശ്ര അടിയിൽ വിസ്‌തീർണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി സ്ഥലം ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്കായി ഉപയോഗിക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.