ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ രണ്ട് വായ്പാദാതാക്കള്‍ നേരിട്ട പ്രതിസന്ധി വ്യാഴാഴ്ച ബാങ്കിംഗ് വ്യവസായത്തെ ആശങ്കയിലാഴ്ത്തി. സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍ കോര്‍പ്പറേഷന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടലും എസ്വിബി (സിലിക്കണ്‍ വാലി) ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ തിടുക്കത്തിലുള്ള ധനസമാഹരണവും യുഎസ് ബാങ്ക് സ്റ്റോക്കുകളെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിടുകയായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ തുടക്കമാണിതെന്ന ആശങ്ക ഇതോടെ വ്യവസായത്തെ ഗ്രസിച്ചു.
പലിശ കുറഞ്ഞ ബോണ്ടുകള്‍ വില്‍ക്കാനാകാത്തതും ഉപഭോക്താക്കള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതുമാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. എസ് വിബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉപഭോക്താക്കളോട് ശാന്തത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇനിയൊരു അടച്ചുപൂട്ടല്‍ ഉടനടി സംഭവിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം നിക്ഷേപം പിടിച്ചുനിര്‍ത്താന്‍ ബാങ്കുകള്‍ മത്സരാധിഷ്ഠിതമായി പലിശനിരക്ക് ഉയര്‍ത്തേണ്ടി വരും. ഇത് വരുമാനത്തെ സാരമായി ബാധിക്കും.
ചെറുകിട, ഇടത്തരം ബാങ്കുകളാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുക. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ടതിനാല്‍ വന്‍കിട ബാങ്കുകള്‍ പ്രതിരോധ ശക്തി നേടിയിട്ടുണ്ട്, വിദഗ്ധര്‍ പറയുന്നു. എസ്ആന്‍ഡ് പി 500 ഫിനാന്‍ഷ്യല്‍സ് സൂചികയിലെ ബാങ്ക് സ്‌റ്റോക്കുകള്‍ വ്യാഴാഴ്ച 4.1 ശതമാനം ഇടിവ് നേരിട്ടു.
ഇതോടെ ബാങ്ക് ഓഹരികളെ സംബന്ധിച്ചിടത്തോളം വ്യാഴാഴ്ച 2020 ന് ശേഷമുള്ള മോശം ദിവസമായി. സാന്റാ ക്ലാര ആസ്ഥാനമായുള്ള എസ്വിബി 60 ശതമാനവും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് 17 ശതമാനവുമാണ് തകര്‍ച്ച വരിച്ചത്.