പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

യുഎസ്-ചൈന വ്യാപാര യുദ്ധം: ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വില കുറയും

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ ഒടുവില്‍ യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. 125 ശതമാനം താരിഫാണ് ചൈനക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരിച്ച് ഇതുവരെ 84% പ്രതികാര താരിഫുകള്‍ ചൈനയും പ്രഖ്യാപിച്ചിരിക്കുന്നു.

ഇന്ത്യയടക്കം മറ്റെല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പ്രഖ്യാപിച്ച പകരത്തിന് പകരം താരിഫുകള്‍ 90 ദിവസത്തേക്കാണ് ട്രംപ് മരവിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച രാജ്യങ്ങളോട് മര്യാദ കാണിക്കുന്നു എന്നാണ് ട്രംപ് കാരണം വ്യക്തമാക്കിയത്.

എന്നാല്‍ ചൈനക്ക് മേല്‍ ഏല്‍പ്പിച്ച ഉയര്‍ന്ന താരിഫുകള്‍ അടിയന്തരമായി തന്നെ നടപ്പാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചൈന-യുഎസ് വ്യാപാര യുദ്ധം ഇന്ത്യയെ സംബന്ധിച്ച് നേട്ടങ്ങളുണ്ടാക്കിയേക്കും. സ്മാര്‍ട്ട്‌ഫോണുകളും ഫ്രിഡ്ജുകളും ടെലിവിഷനുകളുമടക്കം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.

വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കാണ് ചൈന പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. 5% ഡിസ്‌കൗണ്ടില്‍ ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നല്‍കാമെന്ന് ചൈനീസ് നിര്‍മാതാക്കള്‍ ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

നിരവധി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇതോടെ വില കുറഞ്ഞേക്കും. ഡിമാന്‍ഡ് ഉയര്‍ത്താന്‍ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദകര്‍ ഈ ഡിസ്‌കൗണ്ട് വിപണിയിലേക്ക് കൈമാറുമെന്നാണ് കരുതപ്പെടുന്നത്.

ഉയര്‍ന്ന താരിഫ് മൂലം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില വലിയതോതില്‍ ഉയരും. സ്വാഭാവികമായും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അനാകര്‍ഷകമാവും. വലിയ സമ്മര്‍ദ്ദമാകും ചൈനീസ് ഘടക നിര്‍മാതാക്കള്‍ക്കും ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും മേല്‍ ഇത് ഏല്‍പ്പിക്കുക.

ചൈനീസ് ഘടക നിര്‍മാതാക്കളുമായി വിലപേശല്‍ നടത്താനുള്ള അവസരമാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഇത് ഒരുക്കിയിരിക്കുന്നതെന്ന് ഗോദ്‌റെജ് ഗ്രൂപ്പ് അപ്ലയന്‍സ് ബിസിനസ് മേധാവിയായ കമല്‍ നന്ദി പറയുന്നു.

മേയ്-ജൂണ്‍ മാസം മുതലാവും ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് ഇലക്ട്രോണിക്‌സ് ഘടക നിര്‍മാതാക്കള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ നല്‍കുക.

യുഎസ് താരിഫ് വര്‍ധന ചൈനീസ് ഇലക്ട്രോണിക്‌സ് ഘടക നിര്‍മാതാക്കള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ടെലിവിഷനുകളുടെ കരാര്‍ നിര്‍മാതാക്കളായ സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സിന്റെ സിഇഒയായ അവ്‌നീത് സിംഗ് മര്‍വ പറയുന്നു.

ഇന്ത്യന്‍ കമ്പനികള്‍ക്ക് വിലപേശാനുള്ള സാഹചര്യമാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ വിലക്കുറവ് ഉപഭോക്താക്കളിലേക്ക് ഡിസ്‌കൗണ്ടായി കൈമാറപ്പെടുമെന്നും അദ്ദേഹം പറയുന്നു.

X
Top